Top

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ പ്രമേയം പാസാക്കാനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍

സിഎഎ ലോകത്തിലെ ഏറ്റവും വലിയ അപൗരത്വ പ്രതിസന്ധി സൃഷ്ടിക്കും. അതീവഗുരുതരമായ മനുഷ്യദുരിതങ്ങള്‍ക്ക് ഹേതുവാകുമെന്നും 154 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും മുന്നറിയിപ്പ് നല്‍കി. 26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള എസ് ആന്റ് ഡി ഗ്രൂപ്പ് എന്നറിയപ്പെടുന്ന ജനപ്രതിനിധികളാണ് മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രംഗത്തുവന്നിട്ടുള്ളത്.

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ പ്രമേയം പാസാക്കാനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍
X

ബ്രസല്‍സ്: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ (സിഎഎ) പ്രമേയം പാസാക്കാനൊരുങ്ങി യൂറോപ്യന്‍ യൂനിയന്‍. 154 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. അടുത്തയാഴ്ച ബ്രസല്‍സില്‍ തുടങ്ങാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് പ്ലീനറി സെഷനില്‍ അവതരിപ്പിക്കാനാണ് അഞ്ചുപേജുള്ള പ്രമേയം മേശപ്പുറത്ത് വച്ചത്. സിഎഎ 'വിവേചനപരവും അപകടമായ ഭിന്നിപ്പുണ്ടാക്കുന്നതും' എന്ന വിശേഷണത്തിനൊപ്പം, ഇന്റര്‍നാഷനല്‍ കോവിനന്റ് ഓണ്‍ സിവില്‍ പൊളിറ്റിക്കല്‍ റൈറ്റ്‌സിനു (ഐസിസിപിആര്‍) കീഴിലെ ഇന്ത്യയുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ ലംഘനമാണിതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

കോടിക്കണക്കിന് പേരെ പൗരന്‍മാരല്ലാതാക്കിത്തീര്‍ക്കുന്നതാണ് നിയമമെന്നും ഇന്ത്യ ഒപ്പുവച്ച നിരവധി മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും പ്രമേയത്തില്‍ പറയുന്നു. തീരുമാനം അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേല്‍പ്പിക്കും. സിഎഎ ലോകത്തിലെ ഏറ്റവും വലിയ അപൗരത്വ പ്രതിസന്ധി സൃഷ്ടിക്കും. അതീവഗുരുതരമായ മനുഷ്യദുരിതങ്ങള്‍ക്ക് ഹേതുവാകുമെന്നും 154 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും മുന്നറിയിപ്പ് നല്‍കി. 26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള എസ് ആന്റ് ഡി ഗ്രൂപ്പ് എന്നറിയപ്പെടുന്ന ജനപ്രതിനിധികളാണ് മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രംഗത്തുവന്നിട്ടുള്ളത്.

സാമൂഹ്യനീതിയും സമത്വം, വൈവിധ്യം, നീതി എന്നീ ജനാധിപത്യമൂല്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് എസ് ആന്റ് ഡി ഗ്രൂപ്പിന്റെ ലക്ഷ്യം. യൂറോപ്യന്‍ പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയശക്തിയാണ് എസ് ആന്റ് ഡി. രാജ്യത്തിന്റെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ് സിഎഎ. മതപീഡനം അടിസ്ഥാനമാക്കിയാണ് പൗരത്വം നല്‍കുന്നതെങ്കില്‍ പാകിസ്താനിലെ അഹമ്മദിയ്യാക്കള്‍ക്കും ഹസാറകള്‍ക്കും മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ക്കും പൗരത്വം നല്‍കേണ്ടിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായി ആംനസ്റ്റി ഇന്റര്‍നാഷനലും ഐക്യരാഷ്ട്രസഭയും കണ്ടെത്തിയ മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയാണ് സിഎഎയില്‍നിന്ന് ഒഴിവാക്കിയത്.

ശ്രീലങ്കര്‍ തമിഴര്‍ക്കും പൗരത്വം നല്‍കേണ്ടതുണ്ട്. 30 വര്‍ഷത്തോളമായി ഇന്ത്യയില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍കൂടിയാണ് ലങ്കന്‍ തമിഴരെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധമാണുയര്‍ന്നത്. പ്രക്ഷോഭത്തില്‍ 27 പേര്‍ മരിക്കുകയും 175 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ അറസ്റ്റിലായി. പ്രതിഷേധത്തെ നേരിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തതായാണ് റിപോര്‍ട്ട്.

ഉത്തര്‍പ്രദേശില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ക്കെതിരേ അതിക്രമം നടത്തുകയും പീഡിപ്പിക്കുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് സിഎഎയ്‌ക്കെതിരേ നടന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ നടപടികളും പ്രമേയത്തില്‍ അക്കമിട്ടുനിരത്തുന്നുണ്ട്. അഭയാര്‍ഥി നയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മതപരമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ പ്രമേയം ശക്തമായി അപലപിക്കുന്നു. എന്‍ആര്‍സിയെക്കുറിച്ച് ഉയരുന്ന ന്യായമായ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവണം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തണം. അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ സുരക്ഷാസേനകള്‍ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാനതത്വങ്ങള്‍ പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it