Thejas Special

രസകരമായ ചില 'കോട്ടുവാ' കാര്യങ്ങള്‍

ശരീരത്തിന്റെ ക്ഷീണം, ഉറക്കം എന്നീ കാരണങ്ങളുമായി കോട്ടുവായ്ക്ക് അധികം ബന്ധമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രായം കൂടുമ്പോള്‍ കോട്ടുവാ കുറയുമെന്നും പഠനം പറയുന്നു.

രസകരമായ ചില കോട്ടുവാ കാര്യങ്ങള്‍
X

ക്ഷീണം തോന്നുമ്പോഴും ഉറക്കം വരുമ്പോഴും മടുപ്പുള്ളൊരു ക്ലാസ് കേള്‍ക്കുമ്പോഴും ശരീരം പ്രതികരിക്കുന്ന രീതിയാണ് കോട്ടുവാ. കോട്ടുവാ ഉണ്ടാവുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പഠനങ്ങള്‍ പലതും നിലനില്‍ക്കുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും പഠനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോട്ടുവാ എന്നത് ഒരു അലേര്‍ട്ട് മെക്കാനിസമാണെന്നതാണ്. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന്റെ സൂചനയായാണ് കോട്ടുവാ പൊതുവേ പറയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഒരു അലേര്‍ട്ട് റിഫഌ്‌സ് മെക്കാനിസം തന്നെയാണ് കോട്ടുവ.

ഓക്‌സിജന്റെ കുറവാണോ ?

ഒരു പഠനം പറയുന്നത് ഒരാളുടെ രക്തത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലേക്കെടുക്കാന്‍ സഹായത്തിനായാണ് കോട്ടുവാ ഉണ്ടാകുന്നത് എന്നാണ്. ഈ പഠനം തീര്‍ത്തും തെറ്റാണ്. വാസ്തവത്തില്‍ കോട്ടുവാ ഉണ്ടാകുന്ന സമയത്തെ ഓക്‌സിജന്റെ അന്തര്‍ഗമനം സാധാരണയുള്ള ശ്വസോഛാസ സമയത്തേക്കാള്‍ കുറവാണ്. കൂടാതെ അധികമുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ കോട്ടുവായ്ക്കിടെ പുറത്തേയ്ക്കും വിടുന്നുണ്ട്. അതായത് ഓക്‌സിജന്‍ അധികമായി നല്‍കിയിട്ടും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റ അളവ് കുറച്ചിട്ടും കോട്ടുവായുടെ എണ്ണം കുറയുന്നില്ല എന്നുതന്നെ

കോട്ടുവാ പകര്‍ച്ചവ്യാധിയോ ?

ഒരാളുടെ കോട്ടുവാ കാണുമ്പോള്‍, മറ്റുള്ളവര്‍ക്കും കോട്ടുവാ വരാറുണ്ട്. അതുകൊണ്ട് തന്നെ കോട്ടുവാ പകരുന്ന ഒന്നായാണ് ചിത്രീകരിക്കുന്നത്. ഉദാഹരണമായി ഒരു ചര്‍ച്ചയ്ക്കിടെ ഗ്രൂപ്പില്‍ ഒരാള്‍ക്ക് കോട്ടുവാ ഉണ്ടായാല്‍ ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ക്കും കോട്ടുവ ഉണ്ടാവാറുണ്ട്. ചര്‍ച്ചയ്ക്കിടെ ഇങ്ങനെ കോട്ടുവ ഉണ്ടാകുന്നത് നല്ലതാണെന്നാണ് ശാസ്ത്രം പറയുന്നത്. എങ്ങനെയെന്നല്ലെ സാധാരണയായി ഒരാള്‍ സംസാരിക്കുമ്പോഴോ, ക്ലാസ് നയിക്കുമ്പോഴോ മറ്റുള്ളവര്‍ക്കതില്‍ താല്‍പ്പര്യം കുറയുമ്പോഴാണ് സാധാരണയായി കോട്ടുവാ ഉണ്ടാകുന്നത്. പൊതുവേ ബോറിങ് എന്നു വിലയിരുത്തുമെങ്കിലും, കോട്ടുവ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മസ്തിഷ്‌കത്തിന്റെ റിഫഌ് മെക്കാനിസമാണിത്.

കോട്ടുവാ ചികില്‍സിക്കണോ ?

രോഗകാരണങ്ങള്‍ കൊണ്ട് അനിയന്ത്രിതമായ കോട്ടുവാ ഉണ്ടായാല്‍ ചികില്‍സ ആരംഭിക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്ക് കൃത്യമായ ചികില്‍സ ലഭ്യമാകുമ്പോള്‍ കോട്ടുവാ നിയന്ത്രണ വിധേയമാകും. വ്യായാമത്തിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധിച്ചാല്‍ കോട്ടുവാ നിയന്ത്രിക്കാനാകും. ഡീപ് ബ്രീത്തിങ് എക്‌സര്‍സൈസ്, സ്‌ട്രെച്ചിങ് എക്‌സര്‍സൈസ് ശീലമാക്കിയാല്‍ കോട്ടുവാ പരിഹരിക്കാനാകും.

കോട്ടുവ ബുദ്ധിയുടെ ലക്ഷണമോ ?

ശാസ്ത്രം പറയുന്നത് കോട്ടുവാ ബുദ്ധിയുടെ ലക്ഷണമാണെന്നാണ്. മൃഗങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. കോട്ടുവായുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ബുദ്ധിയും കൂടുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. വലിയ ശരീരമാണെങ്കിലും പല മൃഗങ്ങളുടെയും തലച്ചോര്‍ വളരെ ചെറുതാണ്. എത്ര ദൈര്‍ഘ്യമേറിയ കോട്ടുവാ ആണെന്ന് തലച്ചോറിന്റെ പുറംപാളിയായ കോര്‍ട്ടെക്‌സിന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. ഓരോരുത്തരുടേയും കോട്ടുവാ തലച്ചോറിന്റെ ഭാരവും വലിപ്പവും നിശ്ചയിക്കപ്പെട്ട ശേഷമാണ്. ബുദ്ധിശക്തി വര്‍ധിക്കുന്നവര്‍ക്ക് കോട്ടുവായയുടെ ദൈര്‍ഘ്യവും കൂടും.

ആദ്യത്തെ കോട്ടുവ

നമ്മള്‍ ആദ്യമായി കോട്ടുവാ ഇടുന്നത് പതിനൊന്ന് ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോഴാണെന്ന് ശാസ്ത്രം പറയുന്നു. മുഖത്തെ താടിയെല്ലുകളും പേശികളും വലിഞ്ഞ് പിന്നീട് അയയുന്നതാണ് കോട്ടുവായുടെ യഥാര്‍ത്ഥ സുഖം. കോട്ടുവാ ഇടാതെ പിടിച്ചു നിര്‍ത്തുന്നത് നല്ലതല്ല.ശരീരത്തിന്റെ ക്ഷീണം, ഉറക്കം എന്നീ കാരണങ്ങളുമായി കോട്ടുവായ്ക്ക് അധികം ബന്ധമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രായം കൂടുമ്പോള്‍ കോട്ടുവാ കുറയുമെന്നും പഠനം പറയുന്നു.

ഇത് വായിച്ചുതീര്‍ന്നപ്പോള്‍ നിങ്ങള്‍ എത്ര തവണ കോട്ടുവാ വിട്ടു...?




Next Story

RELATED STORIES

Share it