Kerala

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: ആറുലക്ഷം പേരിൽ വോട്ട് ചെയ്തത് 1.26 ലക്ഷം മാത്രം

ഇതുവരെ 21 ശതമാനത്തോളം അംഗങ്ങള്‍ മാത്രമാണ് വോട്ടു ചെയ്തത്.

യൂത്ത്  കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: ആറുലക്ഷം പേരിൽ വോട്ട് ചെയ്തത് 1.26 ലക്ഷം മാത്രം
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കായി മൊബൈല്‍ ആപ്പ് വഴി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇതുവരെ 21 ശതമാനത്തോളം അംഗങ്ങള്‍ മാത്രമാണ് വോട്ടു ചെയ്തത്. അതായത് 1.26 ലക്ഷത്തോളം പേര്‍ മാത്രമാണ് ഇതുവരെ വോട്ട് ചെയ്തത്. ആറു ലക്ഷത്തിലധികം സജീവ അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കുചേരാന്‍ ആരും വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല.

സംസ്ഥാന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റുമാരുടെയും തസ്തികകള്‍ മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി ഷാഫി പറമ്പില്‍ എംഎല്‍എയേയും വൈസ് പ്രസിഡന്റായി കെ എസ് ശബരീനാഥന്‍ എംഎല്‍എയെയും തിരഞ്ഞെടുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ സമവായത്തിലെത്തിയിരുന്നു. സംഘടനയുടെ ഈ നയത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും പിന്നോട്ട് പോയതെന്നാണ് കണക്ക്കൂട്ടല്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, അസംബ്ലി മണ്ഡലം പ്രസിഡന്റ് എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് തിരഞ്ഞെടുപ്പുണ്ടായത്. ബാക്കി എല്ലായിടത്തും സമവായമായതിനാല്‍ തിരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കി. 64 നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. ബാക്കിയിടങ്ങളില്‍ സമവായമായി. അംഗങ്ങളെ ചേര്‍ക്കാന്‍ കാട്ടിയ താത്പര്യം അവരെക്കൊണ്ട് വോട്ടു ചെയ്യിക്കുന്ന കാര്യത്തില്‍ ഗ്രൂപ്പ് നേതൃത്വം കാട്ടിയില്ല. അതിനാലാണ് വോട്ടു കുറഞ്ഞതെന്നാണ് ആക്ഷേപമുയരുന്നത്.

Next Story

RELATED STORIES

Share it