Kerala

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു
X

തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍, നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് അറിയിച്ചത്. ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍, ദേശീയ നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടപടികളുമായി അവര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ മുന്‍സഫ് കോടതി തെരഞ്ഞെടുപ്പ് സ്‌റേറ്റ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ നടപടികള്‍ കോടതി അലക്ഷ്യമാണെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

ഈ കേസ് ഇന്ന് ആലുവ മുന്‍സിഫ് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള എല്ലാ കമ്മിറ്റികളും അടിയന്തിരമായി പിരിച്ചു വിട്ടിരിക്കുന്നത്. ഇതിനിടെ ദേശീയ നേതൃത്വം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി ഓണ്‍ലൈനിലൂടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും സംസ്ഥാനത്തു നിന്ന് പത്രിക സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അതേസമയം അഞ്ഞൂറിലധികം പത്രികകള്‍ ലഭിച്ചതായി ദേശീയനേതൃത്വം അവകാശപ്പെടുന്നു.

സംഘടനാ തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ദേശീയ നേതൃത്വം അഞ്ച് അംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ഈ കമ്മീഷന് സിറ്റിംഗ് നടത്താന്‍ എറണാകുളം ഡിസിസിയില്‍ സ്ഥലം അനുവദിക്കാതെ മടക്കി അയച്ചു. സ്വകാര്യ ഹോട്ടലില്‍ നടത്തിയ സിറ്റിംഗില്‍, നോട്ടീസ് ലഭിച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ ഹാജരാകുകയും ചെയ്തില്ല. ഇതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

ഐക്യത്തോടെ പോകുന്ന സംഘടനാ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സഹായിക്കുവെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഗ്രൂപ്പ് ഭേദമില്ലാതെ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ഹൈക്കമാന്‍ഡിനേയും രാഹുല്‍ഗാന്ധിയേയും അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടക്കുന്ന എറണാകുളത്തെ പാര്‍ട്ടി ഓഫീസ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കരുതെന്ന് ജില്ലാക്കമ്മിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാമനിര്‍ദ്ദേശത്തിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്താല്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ എന്നിവരുടെ പേരുകള്‍ക്കാണ് സംസ്ഥാന ഘടകം മുന്‍തൂക്കം നല്‍കുന്നത്.

Next Story

RELATED STORIES

Share it