Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: താന്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് കാസര്‍കോഡ് ജില്ലാ ചെയര്‍മാന്റെ സത്യവാങ്മൂലം

കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എം സി കമറുദ്ദീന്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ സ്വമേധയാ ജോലിയില്‍ നിന്നും വിട്ട് നിന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: താന്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടില്ലെന്ന്  യുഡിഎഫ് കാസര്‍കോഡ് ജില്ലാ ചെയര്‍മാന്റെ സത്യവാങ്മൂലം
X

കൊച്ചി: കാസര്‍ കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കാസര്‍കോഡ് ജില്ലാ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹര്‍ത്താലിനായി താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എം സി കമറുദ്ദീന്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ സ്വമേധയാ ജോലിയില്‍ നിന്നും വിട്ട് നിന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

ഫെബ്രുവരി 18 ന് കൊല ചെയ്യപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ലഭിച്ചത് ഉച്ചക്ക് ശേഷം 3 മണിക്കാണ്. സംസ്‌കാര ചടങ്ങുകള്‍ രാത്രി 9 മണിക്കായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. മൂന്നു മണി മുതല്‍ 9 മണിക്ക് ഇടയിലുള്ള സമയത്ത് പെരിയ ഗ്രാമം ഉപ്പെടുന്ന ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തെന്നും ഇതില്‍ പല കേസുകളും സി പി എം കാര്‍ മനപൂര്‍വ്വം ഉണ്ടാക്കിയിട്ടുള്ളവയുമാണെന്നും സത്യവാങ്ങ് മൂലത്തില്‍ ചൂണ്ടികാണിക്കുന്നു.കാസര്‍കോഡ് ജില്ലയില്‍ മറ്റ് സ്ഥലങ്ങളില്‍ എവിടെയും അന്നേ ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൊലപാതകത്തില്‍ നിന്നും ജനശ്രദ്ധയും, ജനവികാരവും തിരിച്ചുവിടാനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. ഖമറുദ്ദീനു വേണ്ടി അഡ്വ.പി എ മുഹമ്മദ് ഷായാണ് ഹാജരായത്.

Next Story

RELATED STORIES

Share it