Kerala

പെരിയ കൊലപാതകത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ : നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം ;തളരില്ലെന്ന് ഡീന്‍കുര്യാക്കോസ്

ഹര്‍ത്താലിനാഹ്വാനം നല്‍കയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നാണ് അറിയുന്നത്.നിയമോപദേശവും അനൂകൂലം.കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് ഡീന്‍കൂര്യാക്കോസ്

പെരിയ കൊലപാതകത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ : നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം ;തളരില്ലെന്ന് ഡീന്‍കുര്യാക്കോസ്
X

കൊച്ചി: കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ എഡിജിപിമാര്‍,ഐജി മാര്‍ എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.കേസെടുത്ത് തളര്‍ത്താമെന്ന് സിപിഎം വിചാരിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ്. ഹര്‍ത്താലിനാഹ്വാനം നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് ഡിജിപി എഡിജിപിമാര്‍ക്കും ഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയതെന്നാണ് അറിയുന്നത്.ഇത്തരത്തില്‍ കേസെടുക്കുന്നതില്‍ എന്തെങ്കിലും നിയമ തടസമുണ്ടോയെന്നത് സംബന്ധിച്ച് നിയമോപദേശം തേടുകയും ഇതില്‍ നിന്നും ലഭിച്ച അനൂകൂലമായ മറുപടിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് വിവരം.എത്രയും വേഗം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. ഇതു പ്രകാരം കേരളത്തിലെ മൂഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം.ഹര്‍ത്താലില്‍ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കുമുണ്ടായ നാശ നഷ്ടത്തിന്റെ കണക്കെടുത്ത് റിപോര്‍ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാമെന്ന് പോലീസും സിപിഎമ്മും കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് തേജസ് ന്യൂസിനോട് പറഞ്ഞു.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് കേസെടുക്കാനൂള്ള നീക്കത്തിലൂടെ സര്‍ക്കാര്‍ നടത്തുന്നത്.ഇതിനെ നിയമപരമായി നേരിടും.കേസെടുത്ത് പീഡിപ്പിക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതുകൊണ്ടൊന്നും തങ്ങള്‍ തളരില്ല. ഭരണകൂട ഭീകരതയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.കേരളം മുഴുവനുമുള്ള പോലീസ് സ്‌റ്റേഷനുകളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പ്രവര്‍ത്തകരുടെ ആത്മധൈര്യം കെടുത്താമെന്നാണ് സിപിഎമ്മും സര്‍ക്കാരൂം കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.


Next Story

RELATED STORIES

Share it