Kerala

കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളര്‍ത്താമെന്ന വിചാരം വേണ്ടന്ന് ഡീന്‍ കുര്യാക്കോസ്

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായി മാര്‍ച്ച് ഒന്നു മുതല്‍ 5 വരെ പെരിയയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതി യാത്ര നടത്തും. ഹര്‍ത്താല്‍ ദിവസം ഉണ്ടായ നഷ്ടവും കേസുകളും പെരുപ്പിച്ച് കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് പോലീസും സര്‍ക്കാരും ശ്രമിച്ചത്. പഴയ ഒരു കേസുമായി ബന്ധപ്പെട്ട കോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ നഷ്ടം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കണമെന്നും ആഹ്വാനം ചെയ്തയാളെ എല്ലാ കേസിലും പ്രതിയാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കുമോയെന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു

കേസെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളര്‍ത്താമെന്ന വിചാരം വേണ്ടന്ന് ഡീന്‍  കുര്യാക്കോസ്
X

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് തളര്‍ത്താമെന്ന് സര്‍ക്കാരും സി പി എമ്മും വിചാരിക്കേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കേസെടുത്ത് സമരത്തില്‍ നിന്ന് പ്രവര്‍ത്തകരെ പിന്മാറ്റാം എന്ന് സര്‍ക്കാര്‍ കരുതേണ്ട. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹമാണെന്നും ഡീന്‍ കുര്യാക്കോസ്് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഹര്‍ത്താല്‍ ദിവസം ഉണ്ടായ നഷ്ടവും കേസുകളും പെരുപ്പിച്ച് കാട്ടി കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാനാണ് പോലീസും സര്‍ക്കാരും ശ്രമിച്ചത്. പഴയ ഒരു കേസുമായി ബന്ധപ്പെട്ട കോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലിലുണ്ടായ നഷ്ടം ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കണമെന്നും ആഹ്വാനം ചെയ്തയാളെ എല്ലാ കേസിലും പ്രതിയാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ സി പി എം പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുക്കുമോയെന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു. കോടതി ഉത്തരവ് എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണല്ലോയെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ നഷ്ടമൊന്നും യൂത്ത് കോണ്‍ഗ്രസിന് സംഭവിക്കാനില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും അതിന്റെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കാനുമുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യവും പശ്ചാത്തലവും കോടതിയെ ബോധ്യപ്പെടുത്തും. പ്രതിഷേധിക്കുന്നവരെ കുറ്റക്കാരും കൊലപാതകികള്‍ നിരപരാധികളും ആകുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.ഹര്‍ത്താലുമായി ബന്ധപ്പെട്ടു കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായി മാര്‍ച്ച് ഒന്നു മുതല്‍ 5 വരെ പെരിയയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതി യാത്ര സംഘടിപ്പിക്കുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ഈ മാസം 26 നു മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി കുടുംബങ്ങള്‍ക്കായി സഹായനിധി സ്വരൂപിക്കും. പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് 25 ന് കാസര്‍ഗോഡ് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

Next Story

RELATED STORIES

Share it