Kerala

എഴുത്തുകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്.

എഴുത്തുകാരന്‍ പി എന്‍ ദാസ് അന്തരിച്ചു
X

കോഴിക്കോട്: എഴുത്തുകാരനും അധ്യാപകനും പ്രകൃതിചികില്‍സകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. 1947 ല്‍ തൃശൂരിലായിരുന്നു ജനനം. പട്ടാമ്പി സംസ്‌കൃതകോളജിലെ പഠനകാലത്തുതന്നെ കൈയെഴുത്തു മാസികകളിലും ലിറ്റില്‍ മാസികകളിലും എഴുതിയിരുന്നു.

ദീപാങ്കുരന്‍ എന്ന തൂലികാ നാമത്തിലായിരുന്നു ലേഖനങ്ങള്‍ എഴുതിയിരുന്നത്. നിരോധിക്കപ്പെട്ട പ്രസക്തി മാസികയിലും എഴുതി. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍നിന്നും ഇറങ്ങിയ ശേഷം വൈദ്യശസ്ത്രം എന്ന പേരില്‍ ഒരു മാസിക കോഴിക്കോടുനിന്നാരംഭിച്ചു. അതിലും 'ദീപാങ്കുരന്‍' എന്ന പേരിലാണ് എഡിറ്റോറിയലുകള്‍ എഴുതിയിരുന്നത്. അങ്ങനെ 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

ധ്യാനപാഠങ്ങള്‍, കരുണയിലേക്കുള്ള തീര്‍ത്ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, വേരുകളും ചിറകുകളും, ജീവിതഗാനം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍. ഭാര്യ: രത്‌നം (റിട്ട. അധ്യാപിക ഗുരുദേവ വിലാസം എഎല്‍പി സ്‌കൂള്‍). മക്കള്‍: മനു (വണ്‍ ഇന്ത്യ ഓണ്‍ലൈന്‍), മനീഷ് (പൊയില്‍കാവ് എച്ച്എസ്എസ്), ദീപാരശ്മി (സിഎംസിഎച്ച്എസ്എസ്). മരുമക്കള്‍: സുദേഷ്ണ (ബിഎംഎച്ച് അക്കാദമി), സിജി (കെഎംസിടി കോളജ്), അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്). സഹോദരങ്ങള്‍: രവീന്ദ്രന്‍, സിദ്ധാര്‍ഥന്‍, വിജയന്‍, ഇന്ദിര, പ്രഭാകരന്‍, ബാബു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Next Story

RELATED STORIES

Share it