Kerala

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം: മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടുമെന്ന് പഞ്ചായത്ത്

ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്കുശേഷം ലൈസന്‍സുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം: മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടുമെന്ന് പഞ്ചായത്ത്
X

കല്‍പ്പറ്റ: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്കുശേഷം ലൈസന്‍സുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ജില്ലയിലെ മറ്റ് റിസോര്‍ട്ടുകളിലും ജില്ലാ ഭരണകൂടത്തിന്റെ പരിശോധന നടക്കുന്നുണ്ട്.

മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോര്‍ട്ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ ഓരോ റിസോര്‍ട്ടിന്റെയും അനുമതിയും സുരക്ഷാസാഹചര്യവും പരിശോധിച്ച ശേഷമേ തുറക്കാന്‍ അനുവദിക്കൂ. 15 ദിവസത്തിനുളളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്‍കും.

ജില്ലയിലെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും സംബന്ധിച്ച് വ്യാപക ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിക്കാനാണ് നിലവിലെ തീരുമാനം. കഴിഞ്ഞദിവസമാണ് മേപ്പാടിയിലെ ഒരു റിസോര്‍ട്ട് പരിസരത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

കണ്ണൂര്‍ ചെലേരി കല്ലറപുരയില്‍ ഷഹാനയാണ് (26) മരിച്ചത്. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യറിസോര്‍ട്ടിനടുത്ത് പുഴയോരത്തുള്ള ടെന്റിനു പുറത്ത് വിശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പരിസരത്തുണ്ടായിരുന്നവര്‍ ഒച്ചയിട്ട് ആനയെ അകറ്റി ഷഹാനയെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

Next Story

RELATED STORIES

Share it