Kerala

ഡിഎം വിംസ്: സര്‍ക്കാര്‍ പിന്‍മാറിയതോടെ വയനാട് മെഡി. കോളജ് വീണ്ടും കടങ്കഥയായി

ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്ന് ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് മെഡി. കോളജ് യാഥാര്‍ഥ്യമാവാനുള്ള സാധ്യത ഇനി ഏറെ വിദൂരമാണ്.

ഡിഎം വിംസ്: സര്‍ക്കാര്‍ പിന്‍മാറിയതോടെ വയനാട് മെഡി. കോളജ് വീണ്ടും കടങ്കഥയായി
X

പിസി അബ്ദുല്ല

കല്‍പ്പറ്റ: ഡിഎം വിംസ് മെഡിക്കല്‍ കോളജ് പണം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് അവസാന നിമിഷം സര്‍ക്കാര്‍ പിന്‍മാറിയതോടെ വയനാട്ടുകാരുടെ മെഡിക്കല്‍ കോളജ് പ്രതീക്ഷ വീണ്ടും മങ്ങി. മടക്കിമലയില്‍ ചന്ദ്ര പ്രഭ ട്രസ്റ്റ് നല്‍കിയ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ഇടതു സര്‍ക്കാര്‍ മുന്നേറുന്നതിനിടയിലാണ് നേരത്തെ അട്ടിമറികള്‍ അരങ്ങേറിയത്.

ഇടതു സര്‍ക്കാരും സിപിഎമ്മും വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തില്‍ നിന്നും ദുരൂഹമായി ഉള്‍ വലിയുകകയായിരുന്നു. പിന്നീട് ഏറെ നാടകീയതകള്‍ക്കും ദുരൂഹതകള്‍ക്കുമൊടുവിലാണ് ഡിഎം വിംസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളാജായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കച്ചവട താല്‍പര്യങ്ങളും കമ്മീഷന്‍ ആരോപണങ്ങളും ഉന്നയിക്കപ്പെടുമ്പോഴും എളുപ്പം മെഡിക്കല്‍ കോളജ് നിലവില്‍ വരുമെന്നതിനാല്‍ ഡിഎം വിംസ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വയനാട്ടുകാര്‍ പൊതുവെ സ്വാഗതം ചെയ്തിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാല താമസം ഒഴിവായി കിട്ടുമെന്നതാണ് നേട്ടമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

എന്നാല്‍, ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്ന് ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് മെഡി. കോളജ് യാഥാര്‍ഥ്യമാവാനുള്ള സാധ്യത ഇനി ഏറെ വിദൂരമാണ്. മടക്കിമലയില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലത്ത് മെഡി.കോളജ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി കര്‍മ്മ സമിതി വീണ്ടും രംഗത്തു വന്നിട്ടുണ്ട്. അതേസമയം,മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ മടക്കിമലയില്‍ 648 കോടി രൂപ മെഡിക്കല്‍ കോളജിനു വേണ്ടി അനുവദിച്ചിരുന്നു. എന്നാല്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പുളിയാര്‍മലയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിനെതിരേ രംഗത്തു വന്നതോടെയാണ് വയനാട് മെഡി. കോളജ് അനിശ്ചിതത്വത്തിലായത്.

മടക്കിമലയില്‍ ദാനമായി ലഭിച്ച ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യുടെ റിപോര്‍ട്ട് ഉണ്ടെന്നാണ് സികെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന്‍റെ ചുവടു പിടിച്ച് മെഡിക്കല്‍ കോളജിനായി വേറെ ഭൂമി പൊന്നും വിലക്കു വാങ്ങാനും നീക്കങ്ങള്‍ നടത്തി. മെഡിക്കല്‍ കോളജിന് സ്ഥലം അനുയോജ്യമല്ലെന്ന പഠന റിപോര്‍ട്ട് ആര് എപ്പോള്‍ നടത്തിയെന്നോ, ആര് അവരെ അധികാരപ്പെടുത്തിയെന്നോ ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ റിപോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ഇതിനിടെ,വൈത്തിരി പഞ്ചായത്തിലെ ചുണ്ടേല്‍ വില്ലേജില്‍ ചേലോട് എസ്‌റ്റേറ്റ് ഭൂമി മെഡിക്കല്‍ കോളജിനായി സര്‍ക്കാര്‍ വിലക്കു വാങ്ങി. എന്നാല്‍, ഇടപാട് പൂര്‍ത്തിയായില്ല.

മടക്കിമലയിലെ ദാനം കിട്ടിയ ഭൂമിയില്‍ വയനാട് മെഡിക്കല്‍ കോളജ് പറ്റില്ലെന്ന ചിലരുടെ വാശിക്ക് പിന്നില്‍ ഒട്ടേറെകാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പത്മ പ്രഭയുടെ കുടുംബത്തോടും രാഷ്ട്രീയത്തോടുമുള്ള സിപിഎമ്മിന്‍റെ തീരാത്ത പക, പുതിയ ഭൂമിക്കച്ചവടത്തിനു പിന്നിലെ കമ്മീഷന്‍ സാധ്യതകള്‍, സികെ ശശീന്ദ്രനടക്കമുള്ള ചിലരുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ ഒക്കെയാണ് വയനാട് മെഡി. കോളജ് അട്ടിമറിയുടെ കാരണങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടത്.

മടക്കിമലയിലെ ഭൂമി പാരിസ്തിഥികമായി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന വാദം അംഗീകരിച്ചാല്‍ പോലും പൊന്നും വിലക്ക് പുതിയ ഭൂമി കണ്ടെത്താനുള്ള നീക്കങ്ങള്‍ സംശയത്തിന് ഇട നല്‍കിയിരുന്നു. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായതോടെയാണ് ഒരു സുപ്രഭാതത്തില്‍ വയനാട് മെഡിക്കല്‍ കോളജിനായി ഡിഎം വിംസ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കമാരംഭിച്ചത്. ആ തീരുമാനവും അട്ടിമറിഞ്ഞതോടെ മെഡിക്കല്‍ കോളജെന്ന വയനാട്ടുകാരുടെ പ്രതീക്ഷയാണ് വീണ്ടും അസ്ഥാനത്തായത്.

Next Story

RELATED STORIES

Share it