Kerala

ഇടുക്കി ഡാമിലെ ജലനിരപ്പ്: അവലോകനയോഗം ചേര്‍ന്നു; നിരീക്ഷണസമിതി രൂപീകരിച്ച് മുന്നൊരുക്കം നടത്തും

ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാഴത്തോപ്പ്, ഉപ്പുതോട് വില്ലേജ് ഓഫിസര്‍മാര്‍ ദുരിതബാധ്യതാ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് അടിയന്തരസാഹചര്യമുണ്ടായാല്‍ ക്യാംപുകളിലേയ്ക്ക് മാറുന്നതിന് തയ്യാറെടുക്കുവാന്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും.

ഇടുക്കി ഡാമിലെ ജലനിരപ്പ്: അവലോകനയോഗം ചേര്‍ന്നു; നിരീക്ഷണസമിതി രൂപീകരിച്ച് മുന്നൊരുക്കം നടത്തും
X

ഇടുക്കി: ഡാമിലെ ജലനിരപ്പില്‍ ആദ്യജാഗ്രതാനിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സുരക്ഷാനടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം ചേര്‍ന്നു. റവന്യൂ, പഞ്ചായത്ത്, പോലിസ് അധികൃതരുടെ സംയുക്താഭിമുഖ്യത്തില്‍ നിരീക്ഷണ സമിതി രൂപീകരിച്ച് മുന്നൊരുക്കം നടത്തും. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാഴത്തോപ്പ്, ഉപ്പുതോട് വില്ലേജ് ഓഫിസര്‍മാര്‍ ദുരിതബാധ്യതാ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് അടിയന്തരസാഹചര്യമുണ്ടായാല്‍ ക്യാംപുകളിലേയ്ക്ക് മാറുന്നതിന് തയ്യാറെടുക്കുവാന്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും.

കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് സ്ഥിതിഗതി വിശദീകരിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ക്കാവശ്യമായിവരുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കാനും യോഗം സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വരുംദിവസങ്ങളിലെ മഴയുടെ തീവ്രത പരിശോധിച്ച് എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ അവലോകനയോഗം ചേരുമെന്നും ഇപ്പോള്‍ ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ ഓണ്‍ലൈനിലും, ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പുസ്വാമി, എഡിഎം ആന്റണി സ്‌കറിയ, കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസ്, വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി.എം, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി പോള്‍ സി, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്ജ്, പള്ളിവാസല്‍ മൈനര്‍ ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ പി സജീവന്‍, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it