Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റും

പഞ്ചായത്തുതല വിഭജന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 941 ഗ്രാമ പഞ്ചായത്തുകളിലായി 1376 വാര്‍ഡുകള്‍ വര്‍ധിച്ചതോടെയാണിത്. ഇനി ഇതുവരെയുള്ള വോട്ട് കണക്കുകള്‍ മുന്നണികള്‍ക്ക് പുതുക്കേണ്ടി വരും.

തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റും
X

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡ് വിഭജനത്തിന്റെ ആദ്യപടി പൂര്‍ത്തിയാവുമ്പോള്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റും. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ, പഞ്ചായത്തുതല വിഭജന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 941 ഗ്രാമ പഞ്ചായത്തുകളിലായി 1376 വാര്‍ഡുകള്‍ വര്‍ധിച്ചതോടെയാണിത്. ഇനി ഇതുവരെയുള്ള വോട്ട് കണക്കുകള്‍ മുന്നണികള്‍ക്ക് പുതുക്കേണ്ടി വരും.

നിലവിലുള്ള 15,962 വാര്‍ഡുകൾ 17,338 ആയാണു വര്‍ധിക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും മൂന്നു വാര്‍ഡുകള്‍ വരെ കൂടി. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല വിഭജനം പൂര്‍ത്തിയായപ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 187 ഡിവിഷനുകളും ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും. നിലവില്‍ 2080 ബ്ലോക്ക് ഡിവിഷനുകള്‍ ഉള്ളത് 2267 ആകും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 331ല്‍ നിന്ന് 346 ആകും.

വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചത് സംബന്ധിച്ച പഞ്ചായത്ത് വകുപ്പിന്റെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വാര്‍ഡ്/ഡിവിഷന്‍ ഏറ്റവും കുറഞ്ഞ എണ്ണം 14 ആണ്. പരമാവധി 24. ജില്ലാ പഞ്ചായത്തില്‍ 17 മുതല്‍ 33 സീറ്റുകള്‍ വരെയുണ്ട്. കോഴിക്കോട് ജില്ലയിലെ വളയം ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ എണ്ണവും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിച്ചു. ജനറല്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗം, പട്ടികജാതി വനിത, പട്ടികവര്‍ഗ വനിത എന്നിങ്ങനെയാണു സംവരണ വാര്‍ഡുകള്‍. ആറു കോര്‍പ്പറേഷനുകള്‍, മട്ടന്നൂര്‍ ഒഴികെ 86 നഗരസഭകള്‍ എന്നിവയിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടനുണ്ടാകും.

Next Story

RELATED STORIES

Share it