Kerala

ഷൈജു ആത്മഹത്യ ചെയ്തതെന്ന് പോലിസ്; ക്വട്ടേഷന്‍ കൊലപാതകമെന്ന് കുടുംബം

ഞായറാഴ്ച രാത്രി മുഖത്ത് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഷൈജുവിനെ അവിടെനിന്ന് കാണാതായിരുന്നു.

ഷൈജു ആത്മഹത്യ ചെയ്തതെന്ന് പോലിസ്; ക്വട്ടേഷന്‍ കൊലപാതകമെന്ന് കുടുംബം
X

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച വർക്കല സ്വദേശി ഷൈജുവിന്‍റേത് തൂങ്ങിമരണമെന്ന അന്വേഷണസംഘത്തിൻ്റെ നിഗമനം തള്ളി കുടുംബം. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാര്യം ഇൻസ്പെക്‌ടർ അഭിലാഷ് ഡേവിഡാണ് ഷൈജുവിന്‍റേത് തൂങ്ങി മരണമെന്ന നിഗമനത്തിൽ എത്തിയത്. പോസ്‌റ്റ്‌മോർട്ടം ചെയ്ത ഡോക്‌ടറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചത്.

എന്നാൽ, സംഭവം ആത്മഹത്യയല്ലെന്നും ക്വട്ടേഷൻ കൊലപാതകമാണെന്നും കുടുംബം പറയുന്നു. വർക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ഷൈജു സത്യദേവന്റെ(42) മരണത്തിലാണ് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഷൈജുവിന്റേത് ക്വട്ടേഷൻ കൊലപാതകമാണെന്നും ക്വട്ടേഷൻ ഭീഷണിയുണ്ടെന്ന് മകൻ പറഞ്ഞിരുന്നതായും ഷൈജുവിന്റെ അമ്മ വസന്ത പ്രതികരിച്ചു.

ജൂൺ 15 തിങ്കളാഴ്ച രാവിലെയാണ് ഷൈജുവിനെ ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുഖത്ത് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഷൈജുവിനെ അവിടെനിന്ന് കാണാതായിരുന്നു. ജൂൺ ഏഴിന് രാത്രി വീട്ടിൽ വന്നപ്പോൾ ക്വട്ടേഷൻ ഭീഷണിയുണ്ടെന്ന് മകൻ പറഞ്ഞിരുന്നതായും കഴിഞ്ഞ ഞായറാഴ്ച കല്ലമ്പലത്ത് വെച്ച് ആരാണ് മകനെ ആക്രമിച്ചതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. വെട്ടേറ്റെന്നും പരിക്കേറ്റെന്നും ഭർത്താവ് ഫോണിൽ വിളിച്ചുപറഞ്ഞതായി ഷൈജുവിന്റെ ഭാര്യയും വെളിപ്പെടുത്തി. വിവരമറിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ ഷൈജുവിനെ കണ്ടില്ലെന്നും വലിയ പരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും അവർ പറഞ്ഞു.

ആത്മഹത്യയാണെന്ന് പോലിസ് പറയുമ്പോഴും ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷൈജു എങ്ങനെ ശ്രീകാര്യത്ത് എത്തിയെന്നുള്ളത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പിത്തിലാക്കുന്നു. ആത്മഹത്യ ചെയ്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്‍റെ കാമറ പോലിസ് പരിശോധിച്ചെങ്കിലും കാമറ എടിഎം കൗണ്ടറിലേക്ക് തിരിച്ച് വച്ചിരിക്കുന്നതിനാൽ ദൃശ്യങ്ങൾ തെളിഞ്ഞിട്ടില്ല. രാത്രി പത്തു മണി വരെ മാത്രമേ ബാങ്കിന്‍റെ സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിയിലുള്ളു. അതുകൊണ്ട് തന്നെ രാത്രി പത്തു മണിയ്ക്ക് ശേഷമായിരിക്കാം ഇയാൾ ഇവിടെ എത്തിയത് എന്നാണ് പോലിസ് നിഗമനം. ശ്രീകാര്യം ജങ്ഷനിലുള്ള സിസി ടിവി കാമറയും പോലിസ് പരിശോധിച്ചു. അതിലും ഇയാൾ അതുവഴി പോയ ദൃശ്യങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. എന്നാൽ ഷൈജു ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന് മുൻപ് ഒരിക്കലും ഇയാൾ ഈ സ്ഥലത്ത് വന്നിരുന്നില്ലയെന്നതും അന്വേഷണ സംഘത്തെ ആശയകുഴപ്പത്തിലാക്കുന്നു. മൃതദേഹത്തിലും പരിസരത്തും കണ്ട രക്തക്കറ ഷൈജുവിന്‍റെ കയ്യിൽ ഉണ്ടായിരുന്ന മുറിവിൽ നിന്നുണ്ടായതാണെന്നാണ് പോലിസ് കരുതുന്നത്. എന്നാൽ ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. ഷൈജുവിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊവിഡ് പരിശോധന ഫലത്തിന് ശേഷമായിരുന്നു പോസ്‌റ്റ്‌മോർട്ടം നടത്തിയത്.

ഞായറാഴ്ച വൈകീട്ട് കല്ലമ്പലത്തുവെച്ചാണ് ചിലർ ഷൈജുവിനെ ആക്രമിച്ചത്. മൂക്കിൽനിന്നും തലയിൽനിന്നും രക്തമൊലിക്കുന്ന നിലയിൽ കല്ലമ്പലം പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പോലിസ് കൂടുതൽ അന്വേഷണമൊന്നും നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

Next Story

RELATED STORIES

Share it