Kerala

സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; മകളെ കൊന്നവനെ വീട്ടിലേക്ക് കയറ്റരുതെന്ന് ഉത്രയുടെ അമ്മ

ഇന്ന് പുലര്‍ച്ചയോടെയാണ് സൂരജിനെ അഞ്ചലിലുള്ള ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.

സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; മകളെ കൊന്നവനെ വീട്ടിലേക്ക് കയറ്റരുതെന്ന് ഉത്രയുടെ അമ്മ
X

കൊല്ലം: ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സൂരജിനെ അഞ്ചലിലുള്ള ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തു.

ഇതിനിടെ ഉത്രയുടെ അമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്നായിരുന്നു ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞത്. കിടപ്പുമുറിയിലേക്ക് കൊണ്ടുവന്നപ്പോള്‍ സൂരജും കരഞ്ഞു. അച്ഛാ, ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നായിരുന്നു സൂരജ് ഉത്രയുടെ അച്ഛന്‍ വിജയസേനനോട് പറഞ്ഞത്. ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ വിരലടയാളങ്ങള്‍ ശേഖരിച്ചു. തെളുവെടുപ്പിനായി കൊണ്ട് വന്ന സൂരജിനെതിരെ പ്രതിഷേധവുമായി ഉത്രയുടെ വീട്ടുകാരും നാട്ടുകാരും രംഗത്തെത്തി.

മേയ് ഏഴിനാണ് ഉത്രയെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. കരിമൂര്‍ഖനെ കൊണ്ടാണ് ഉത്രയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടൂര്‍, പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് ഉത്രയെ പാമ്പുകടിച്ചിരുന്നു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാമതും പാമ്പുകടിയേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. അന്ന് വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല്‍ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

കരിമൂര്‍ഖനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സൂരജിന്റെ മൊഴി. കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി സൂരജ് കരിമൂര്‍ഖനെ വാങ്ങുന്നത്. ഇയാള്‍ക്ക് സൂരജ് 10000 രൂപയും മുന്‍കൂറായി നല്‍കിയിരുന്നു. ഉത്രയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും സൂരജ് പോലിസിനോട് പറഞ്ഞു. ഇതിനായി ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി ഉത്രയെ കടിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു.

തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങുന്നത്. പാമ്പിനെ വലിയ ബാഗിനുള്ളിലാക്കിയാണ് ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിച്ചത്. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിടുകയായിരുന്നുവെന്നും പാമ്പ് രണ്ട് തവണ കടിച്ചതായും സൂരജ് പറഞ്ഞു. മറ്റൊരു വിവാഹം ചെയ്യണമെന്ന ലക്ഷ്യമായിരുന്നു സൂരജിനെ കൊലപാതകത്തിലേക്ക് നയിച്ചത്. പാമ്പുപിടുത്തക്കാരന്‍ സുരേഷിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജിന്റെ ബന്ധുക്കളും പോലിസ് കസ്റ്റഡിയിലുണ്ട്.

Next Story

RELATED STORIES

Share it