Kerala

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: തിരച്ചിൽ പ്രതികളുടെ ബന്ധുവീടുകളിലേക്കും

കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടംപിടിച്ചതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ ഒന്നാംപ്രതി ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്.

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: തിരച്ചിൽ പ്രതികളുടെ ബന്ധുവീടുകളിലേക്കും
X

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികൾക്കായി തിരച്ചിൽ വ്യാപിപ്പിക്കാൻ പോലിസ്. ഒളിവിലുള്ള പ്രതികൾക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചിൽ നടത്താനാണ് പോലിസ് തീരുമാനം. കോടതിയുടെ അനുമതിയോടെയാകും പ്രതികൾക്കായി തിരച്ചിൽ നടത്തുക. എന്നാൽ പ്രതികൾ ഒളിവിൽ പോവാനിടയുള്ള പാർട്ടി ഓഫീസുകളിൽ പോലിസ് പരിശോധന നടത്താത്തത് ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. അതേസമയം, പ്രതികൾ പിഎസ്.സി റാങ്ക് ലിസ്റ്റിൽ വന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്ത്, യൂനിറ്റ് സെക്രട്ടറി ആയിരുന്ന രണ്ടാംപ്രതി നസീം, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹീം, എട്ടാം പ്രതി രഞ്ജിത്ത് എന്നീ അഞ്ച് പ്രതികൾകൂടി ഇനിയും പിടിയിലാവാനുള്ളത്. ഇവർ ഉൾപ്പടെ എട്ടു പേർക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്‌. ഇതിൽ മൂന്നും ആറും ഏഴും പ്രതികളായ അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം കോളജിലെ എസ്എഫ്ഐഐ യൂനിറ്റ്‌ അംഗങ്ങളാണ്. ഇവരേക്കൂടാതെ കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാളായ നേമം സ്വദേശി ഇജാബ് അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, അക്രമിച്ചവരിൽ ചില പൂർവ്വ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി കുത്തേറ്റ അഖിലിന്റെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില ആളുകളുടെ വീടുകളിൽ കഴിഞ്ഞ ദിവസം പോലിസ് റെയ്ഡ് നടത്തിയിരുന്നു. അതിനിടെ, കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടംപിടിച്ചതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ ഒന്നാംപ്രതി ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പോലിസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്. കൂടാതെ ക്രിമിനലുകളുടെ കൂട്ടാളിയെന്ന് കോളജിലെ വിദ്യാര്‍ഥികള്‍ ആരോപിച്ച പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ പി പി പ്രണവും എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി അംഗമാണ്.

യൂനിവേഴ്‌സിറ്റി കോളജില്‍തന്നെയുള്ള കേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തെന്നും കോപ്പിയടിച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ ഉന്നത റാങ്ക് നേടിയതെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍. എന്നാൽ നസിം പരീക്ഷ എഴുതിയത് തൈക്കാട് ബിഎഡ് കോളജിലും പ്രണവ് പരീക്ഷ എഴുതിയത് ആറ്റിങ്ങൽ ശ്രീ ഗോകുലം പബ്ലിക്ക് സ്കൂളിലുമാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it