Kerala

മൃതദേഹം വിട്ടുനൽകിയതിൽ കാലതാമസം; സർക്കാരിനെ വിമർശിച്ച് ഉമ്മൻ ചാണ്ടി

കൊവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി.

മൃതദേഹം വിട്ടുനൽകിയതിൽ കാലതാമസം; സർക്കാരിനെ വിമർശിച്ച് ഉമ്മൻ ചാണ്ടി
X

തിരുവനന്തപുരം: ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ ആറു ദിവസം വേണ്ടിവന്ന സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വരെ ലേഖനം എഴുതപ്പെട്ട കേരളത്തിലാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി വാസുദേവന്‍ (70), ഭാര്യ കെ സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്. ഇവരുടെ കൊവിഡ് പരിശോധനാഫലം കിട്ടാന്‍ വൈകിയതാണ് കാരണം.

കൊവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. ആറാംദിവസം കൊവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തത്. ഇത്രയും ദിവസം ബന്ധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. മൂന്നു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ പരിശോധാനഫലം ലഭിക്കേണ്ടതാണ്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇതു മൂന്നാമത്തെ ദുരനുഭവമാണ്. മരണമടഞ്ഞ വഞ്ചിയൂര്‍ സ്വദേശി വി രമേശന്‍ (67), മെഡിക്കല്‍ കോളജ് ജയ്‌നഗര്‍ പനവിള വീട്ടില്‍ സൂസി (55) എന്നിവരുടെ കൊവിഡ് പരിശോധാനഫലം കിട്ടാനും അഞ്ചു ദിവസമെടുത്തു. അവരുടെയും ബന്ധുക്കള്‍ ഒരുപാട് അലഞ്ഞു.

കൊവിഡ് പരിശോധനകള്‍ പൊതുവേ കേരളത്തില്‍ കുറവാണെന്ന ആക്ഷേപം നിലനില്ക്കുന്നതോടൊപ്പമാണ് പരിശോധാനാഫലം വൈകുന്നതിലെ കാലതാമസം. രണ്ടിനും അടിയന്തരമായ പരിഹാരം ഉണ്ടാകണമെെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it