Kerala

അങ്കമാലിയില്‍ രണ്ടുകിലോ എംഡിഎംഎ പിടികൂടിയ കേസ്; അന്വേഷണത്തിന് പ്രത്യേകസംഘം

അങ്കമാലിയില്‍ രണ്ടുകിലോ എംഡിഎംഎ പിടികൂടിയ കേസ്; അന്വേഷണത്തിന് പ്രത്യേകസംഘം
X

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ രണ്ട് കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസ് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. തളിപ്പറമ്പ് മന്ന സി കെ ഹൗസില്‍ ആബിദ്, ചേര്‍ത്തല വാരനാട് വടക്കേവിള ശിവപ്രസാദ് എന്നിവരാണ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പിക്ക് അപ്പ് വാനില്‍ മയക്കുമരുന്ന് കടത്തിയത്. ഇതിന് രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും.

ആബിദ് നേരത്തെ കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. പ്രതികളുടെ ബന്ധങ്ങളും മുന്‍കാല ചരിത്രവും അന്വേഷിക്കുന്നുണ്ട്. മുനമ്പം കുഴുപ്പുള്ളിയിലെ വാടക വീട്ടിലെത്തിച്ച് പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തന്ത്രപരമായ ഓപറേഷനിലൂടെയാണ് പ്രതികളെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്.

മയക്കുമരുന്ന് പ്രത്യേകം പായ്ക്ക് ചെയ്ത് പിക്കപ്പ് വാനില്‍ തയ്യാറാക്കിയ അറയിലാണ് സൂക്ഷിച്ചിരുന്നത്. എസ്പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലാവുന്നത്. പിടികൂടുന്നതിന് നിര്‍ണായക പങ്കുവഹിച്ച ഡാന്‍സാഫ് ടീം അംഗങ്ങളായ കെ വി നിസാര്‍, പി എം ഷാജി, ടി ശ്യാംകുമാര്‍, ജാബിര്‍, രഞ്ജിത്, മനോജ് കുമാര്‍, അങ്കമാലി സ്റ്റേഷനിലെ എം സുബിന്‍, എം പി മാത്യു, റോണി ആഗസ്റ്റിന്‍ തുടങ്ങിയവരെ ജില്ലാ പോലിസ് മേധാവി അഭിനന്ദിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ 200 കിലോയോളം കഞ്ചാവും മറ്റു ലഹരി വസ്തുക്കളും റൂറല്‍ പോലിസ് പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it