Kerala

15 കോടിയുടെ സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഐഎല്ലിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലെയ്സൺ ഓഫീസർ പദവിയിലാണ് ജോലിചെയ്യുന്നത്.

15 കോടിയുടെ സ്വര്‍ണക്കടത്ത്: മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിൽ മുഖ്യ ആസൂത്രക സംസ്ഥാന ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയെന്ന് കസ്റ്റംസ്. യുഎഇ കോൺസുലേറ്റിലെ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി കൂടിയായിരുന്ന സ്വപ്ന സുരേഷാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക. ഒളിവിലുള്ള ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കി.

15 കോടിയുടെ സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കസ്റ്റഡിയിലാണ്. ഇയാളിൽ നിന്നാണ് സ്വപ്നയെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. സ്വപ്നയും സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തിൽ ഇരുവരും ചേർന്ന് സ്വർണം കടത്തിയതായും സൂചനയുണ്ട്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഐഎല്ലിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലെയ്സൺ ഓഫീസർ പദവിയിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് യുഎഇ കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

തുടർന്നാണ് കോൺസുലേറ്റിലെ പിആർഒ എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷവും കോൺസുലേറ്റിലെ ജീവനക്കാരനായാണ് ഇയാൾ ആളുകളെ ബന്ധപ്പെട്ടിരുന്നത്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം.

ചോദ്യം ചെയ്യാൻ സരിത്തിനെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു. ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ മടങ്ങിയ കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്. ഈ കാര്യങ്ങൾക്ക് ചുമതല നൽകിയിരുന്നത് കോൺസുലേറ്റ് മുൻ പിആര്‍ഒ സരിത്തിനെയാണ്.

ഈ സാഹചര്യത്തിലാണ് പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചുവെന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്. കഴിഞ്ഞമാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്തിന് ശ്രമിക്കുന്നത് കേരളത്തിൽ ആദ്യമാണ്. 2013-ൽ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്നെത്തിയ യുഎഇ ഡിപ്ലോമാറ്റിനെ 37 കിലോഗ്രാം സ്വർണാഭരണങ്ങളുമായി പിടികൂടിയിരുന്നു. സിങ്കപ്പൂരിൽനിന്ന് ഡൽഹിയിലേക്കുവന്ന ഉദ്യോഗസ്ഥൻ വിമാനത്തിൽ കൊണ്ടുവന്ന ബാഗേജിലാണ് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത വ്യവസായിക്കു വേണ്ടിയായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയുമുണ്ടായി.

തിരുവനന്തപുരത്ത് ഇത്തരത്തിലൊരു ബാഗേജ് എത്തും മുമ്പുതന്നെ കസ്റ്റംസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് ബാഗേജ് വിട്ടു നൽകാതെ പിടിച്ചിട്ടത്. ഇതിനിടെ പരിശോധനയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. തുടർന്ന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.

കേരളത്തിൽ വിമാനത്താവളങ്ങളിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 15 കോടി രൂപ മൂല്യംവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നതും ഇതാദ്യമാണ്. പതിറ്റാണ്ടുകൾക്കു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ വഴി കള്ളനോട്ട് കടത്തിയത് പിടികൂടിയിരുന്നു. ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ സ്വർണവേട്ട 2019 മേയ് 13ന് 25 കിലോ പിടികൂടിയതായിരുന്നു.

Next Story

RELATED STORIES

Share it