Kerala

സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെ പുറത്താക്കിയെന്ന് ഐടി വകുപ്പ്

കെഎസ്ഐടിഎല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിങ് ലെയ്സൺ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടിയെന്ന് ഐടി വകുപ്പ് അറിയിച്ചു.

സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെ പുറത്താക്കിയെന്ന് ഐടി വകുപ്പ്
X

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോ​ഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കെഎസ്ഐടിഎല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിങ് ലെയ്സൺ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടിയെന്ന് ഐടി വകുപ്പ് അറിയിച്ചു.

തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥയായിരുന്നു. കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ ഇരുവരും ഡിപ്ളോമിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ഇരുവരെയും കോൺസുലേറ്റിൽ നിന്ന് മാറ്റി. എന്നാൽ പിന്നീടും ഇവർ കള്ളക്കടത്ത് തുടർന്നു. വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിങ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. തടിപ്പിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. നയതന്ത്ര ബാഗാണ് എന്നതിനുള്ള അറ്റഷെ ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. ഈ സാഹചര്യത്തിൽ കോൺസുലേറ്റിലെ ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടാകമെന്ന് കസ്റ്റംസ് സംശയിക്കുന്നു. സ്വപ്ന സുരേഷിനെ കൂടി പിടി കിട്ടിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരൂ.

Next Story

RELATED STORIES

Share it