Kerala

ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാലിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെടുന്നവരെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാമെന്നതാണ് സര്‍വീസ് ചട്ടത്തിലെ 18 -02 എന്ന വകുപ്പ്.

ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാലിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു
X

തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസിലെ പ്രതി എം ആര്‍ ബിജുലാലിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിടല്‍. കേരളാ സര്‍വീസ് ചട്ടത്തിലെ 18-02 വകുപ്പ് അനുസരിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ബിജുലാലിനെ പിരിച്ചുവിടാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ധനകാര്യ ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെടുന്നവരെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാമെന്നതാണ് സര്‍വീസ് ചട്ടത്തിലെ 18 -02 എന്ന വകുപ്പ്.

ഫിനാന്‍സ് സെക്രട്ടറി ആര്‍ കെ സിങ്ങും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ബിജുലാലിനെ പിരിച്ചുവിടാന്‍ തീരുമാനമായത്. ഗുരുതരമായ സൈബര്‍ ക്രൈമാണ് ബിജുലാല്‍ ചെയ്തിട്ടുള്ളതെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും ഉന്നതാധികാര യോഗം നിയോഗിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും.

ധനവകുപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയായിരുന്നു ബിജുലാല്‍. ട്രഷറി വഴി ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍നിന്ന് രണ്ടുകോടി രൂപ തട്ടിയെടുക്കും മുമ്പ് 75 ലക്ഷം രൂപ കൂടി താന്‍ മോഷ്ടിച്ചിരുന്നെന്ന് അറസ്റ്റിലായ ബിജു അന്വേഷണസംഘത്തോട് സമ്മതിച്ചു. തട്ടിപ്പ് കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ട്രഷറി ഓഫിസിനും ട്രഷറി ഡയറക്ടറേറ്റിനും വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ബിജുലാലിനെ പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യംചെയ്യലില്‍ ട്രഷറി വഴി താന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ ബിജു വെളിപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് 75 ലക്ഷം രൂപ കവര്‍ന്നു കൊണ്ടാണ് തട്ടിപ്പ് തുടങ്ങിയതെന്ന് ബിജു സമ്മതിച്ചു. ഈ പണമുപയോഗിച്ച് ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി. സഹോദരിയുടെ പേരില്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സും കൊടുത്തു.

വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്‍ ഭാസ്‌കറിന്റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും മനസ്സിലാക്കിയ ശേഷമാണ് ബിജു പണം തട്ടിയത്. താനുപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഓഫാക്കാന്‍ ഭാസ്‌കര്‍ ബിജുവിന്റെ സഹായം തേടിയിരുന്നു. അന്നാണ് യൂസര്‍ നെയിമും പാസ്‌വേര്‍ഡും മനസ്സിലാക്കിയത്. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും തന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ പണം തട്ടിയതാവാമെന്നുമുളള ന്യായമാണ് അറസ്റ്റിലാവും മുമ്പ് ബിജു മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തിയത്.

Next Story

RELATED STORIES

Share it