Kerala

ട്രോളിങ് നിരോധനം: കണ്‍ട്രോള്‍ റൂം തുറന്നു

ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നടപ്പാക്കുക.

ട്രോളിങ് നിരോധനം: കണ്‍ട്രോള്‍ റൂം തുറന്നു
X

ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആലോചിക്കുന്നതിന് കലക്ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍, പോലിസ്,ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഫിഷറീസ് ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫിഷറീസ് ജില്ലാ ഓഫിസില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമിലേക്ക് 04772251103 എന്ന നമ്പറില്‍ വിളിക്കാം. അപകട വിവരങ്ങള്‍ ഇവിടെ അറിയിക്കാവുന്നതാണ്. നിരോധന വേളയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പെട്രോളിനുമായി ജില്ലയില്‍ രണ്ട് സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച 6 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ നിയോഗിക്കും. വാടകയ്ക്കെടുക്കുന്ന ബോട്ടുകള്‍ അഴീക്കല്‍, ചെല്ലാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

ട്രോളിങ് നിരോധമുള്ള സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കും.

കടല്‍ രക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡി കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ രേഖ കയ്യില്‍ കരുതണമെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതത് ജില്ലകളിലെ മത്സ്യഫെഡ് തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. ഇത്തരത്തില്‍ ജില്ലയില്‍ വളഞ്ഞവഴിയും അര്‍ത്തുങ്കലും പ്രവര്‍ത്തിക്കുന്ന ബങ്കുകള്‍ തുറക്കാവുന്നതാണ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിന് കൂടുതല്‍ പോലിസ് സേവനം ആവശ്യമെങ്കില്‍ അനുവദിക്കും. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവത്കൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യ ഭവനുങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍ എസ്.വിജയന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it