Kerala

കേരളത്തിലെ മഴയ്ക്ക് നാളെ ശക്തികുറയും; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ടൗട്ടേ ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയോടെ പോർബന്തറിനും മഹുവയ്ക്കും ഇടയ്ക്ക് കരയിൽ കടക്കും.

കേരളത്തിലെ മഴയ്ക്ക് നാളെ ശക്തികുറയും; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
X

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി. തിങ്കളാഴ്ച വൈകുന്നേരം ടൗട്ടേ ഗുജറാത്ത് തീരത്തെത്തും. ചൊവ്വാഴ്ച പുലർച്ചെയോടെ പോർബന്തറിനും മഹുവയ്ക്കും ഇടയ്ക്ക് കരയിൽ കടക്കും. തിങ്കളാഴ്ച 185 കിലോമീറ്റർവരെ വേഗത്തിൽ ടൗട്ടേ ആഞ്ഞുവീശും. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത നൽകി.

ടൗട്ടേയുടെ പ്രഭാവത്തിൽ കേരളത്തിൽ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കേരള തീരത്തുനിന്ന് അകന്നെങ്കിലും കേരളത്തിൽ മഴയും കാറ്റും തിങ്കളാഴ്ച കൂടി തുടരും. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തിങ്കളാഴ്ച രാത്രി 11.30 വരെ കേരളതീരത്ത് മൂന്നുമുതൽ നാലരവരെ മീറ്റർ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്ന് സമുദ്ര പരിസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളതീരത്തുനിന്നുള്ള മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും.

കാലാവസ്ഥാ വകുപ്പിന്റെ ദീർഘകാല പ്രവചനമനുസരിച്ച് 23 വരെ കേരളത്തിൽ പതിവിലും കൂടുതൽ മഴ ലഭിക്കും. 31-ന് കാലവർഷമെത്തുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായും മഴയ്ക്കു സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it