Kerala

കൂറുമാറ്റം; മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ഒരു പഞ്ചായത്ത് അംഗത്തെയും അയോഗ്യരാക്കി

കൂറുമാറ്റം; മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ഒരു പഞ്ചായത്ത് അംഗത്തെയും അയോഗ്യരാക്കി
X

കോട്ടയം: ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാരെയും കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒരു കൗണ്‍സിലറെയും വെങ്ങോല ഗ്രാമപ്പഞ്ചായത്തിലെ ഒരു അംഗത്തെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ വിലക്കേര്‍പ്പെടുത്തി. ആതിര പ്രസാദ്, അനില രാജേഷ് കുമാര്‍, (ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി) ഷൈനി ആന്റണി, (കളമശ്ശേരി മുനിസിപ്പാലിറ്റി) സ്വാതി റെജികുമാര്‍ (വെങ്ങോല ഗ്രാമപ്പഞ്ചായത്ത്) എന്നിവരെയാണ് അയോഗ്യരാക്കിയത്.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ 2015ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി വിജയിച്ച 24ാം വാര്‍ഡ് കൗണ്‍സിലര്‍ ആതിര പ്രസാദ്, 34ാം വാര്‍ഡ് കൗണ്‍സിലര്‍ അനില രാജേഷ് കുമാര്‍ എന്നിവര്‍ 2020 ജൂണ്‍ 12 ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് 7ാം വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഷാജി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് രണ്ട് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ കമ്മീഷന്റെ വിധി.

കളമശേരി മുനിസിപ്പാലിറ്റിയില്‍ 2015ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 3ാം വാര്‍ഡില്‍ നിന്നും വിജയിച്ച ഷൈനി ആന്റണി 2020 മാര്‍ച്ച് 7ന് നടന്ന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടുചെയ്തതിനെ തുടര്‍ന്ന് 28ാം വാര്‍ഡ് കൗണ്‍സിലര്‍ എം എ വഹാബ് ഫയല്‍ ചെയ്ത ഹരജിയിലാണ് കമ്മീഷന്റെ വിധി.

എറണാകുളം ജില്ലയിലെ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 2015ലെ പൊതുതിരഞ്ഞെടുപ്പില്‍ 5ാം വാര്‍ഡില്‍ സിപിഐ (എം) സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച സ്വാതി റെജികുമാര്‍ 2019 ജനുവരി 10ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ധന്യ ലെജു (22ാം വാര്‍ഡ്), റംലാ ഷമീര്‍ (20ാം വാര്‍ഡ്) എന്നിവര്‍ ഫയല്‍ ചെയ്ത ഹരജികള്‍ തീര്‍പ്പാക്കിയാണ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചത്.

Next Story

RELATED STORIES

Share it