Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഒപിയില്‍ ഒരു ചികില്‍സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രം

ഒപി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിന്‍ സംവിധാനം വഴി രോഗികള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടാം. മരുന്നുകുറിപ്പുകളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമൊരുക്കി. എന്നാല്‍, ഡോക്ടര്‍ നേരിട്ടുകാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികില്‍സ തേടാനും അവസരമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഒപിയില്‍ ഒരു ചികില്‍സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രം
X

തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഒപിയില്‍ ഒരു ചികില്‍സാവിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ക്കു മാത്രമായിരിക്കും ഇനിമുതല്‍ പ്രവേശനം. മറ്റ് രോഗികള്‍ക്ക് ചികില്‍സ സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടാന്‍ ടെലി മെഡിസിന്‍ സംവിധാനം ഊര്‍ജിതമാക്കി. ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഒപി സമയം. രാവിലെ ഏഴു മുതല്‍ 11.30 വരെ ടോക്കണ്‍ നല്‍കും.

ഒപി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിന്‍ സംവിധാനം വഴി രോഗികള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടാം. മരുന്നുകുറിപ്പുകളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമൊരുക്കി. എന്നാല്‍, ഡോക്ടര്‍ നേരിട്ടുകാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികില്‍സ തേടാനും അവസരമൊരുക്കിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂട്ടിരിപ്പുകാരെ നിയന്ത്രിക്കും. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂട്ടിരിപ്പുകാര്‍ മാറി മാറി ഇരിക്കുന്നതും വിലക്കിയിട്ടുണ്ട്.

കൂട്ടിരിപ്പുകാരന്‍ കഴിവതും വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയായിരിക്കണം. മാത്രമല്ല, രോഗിയുടെ സഹായിയായി ഇരിക്കുന്നയാള്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, കൈകഴുകല്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. മാസ്‌ക് ധരിക്കാത്തവരെ ആശുപത്രിയില്‍നിന്നും പുറത്താക്കും. സന്ദര്‍ശകര്‍ക്ക് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശകവിലക്ക് വന്നതോടെ ആശുപത്രിക്കുള്ളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. ആശുപത്രിയിലെ ജോലിക്രമീകരണം സംബന്ധിച്ച ജീവനക്കാരുടെ സംഘടനകളുടെ പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയുമായി ജീവനക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it