Kerala

റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി ആറര പവന്‍ സ്വര്‍ണം കവര്‍ന്നു

കവര്‍ച്ചക്കാരനായ യുവാവ് എത്തിയത് കേബിള്‍ സെറ്റ്അപ് ബോക്സ് നന്നാക്കാനെന്ന വ്യാജേന.യുവാവിനൊപ്പം യുവതിയും ഉണ്ടായിരുന്നു. സ്‌കൂട്ടറിലാണ് ഇരുവരും എത്തിയതെന്ന് സമീപത്തെ സിസിടിവി. ദൃശ്യങ്ങളില്‍നിന്നും വ്യക്തമായി.രണ്ടു ദിവസം മുന്‍പ് ഇതേ യുവാവും യുവതിയും ഈ വീട്ടിലെത്തി സെറ്റ് അപ് ബോക്സ് മാറ്റണം എന്നു പറഞ്ഞിരുന്നതായി രഘുപതി പോലീസിനോട് പറഞ്ഞു.

റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി ആറര പവന്‍ സ്വര്‍ണം കവര്‍ന്നു
X

കൊച്ചി: കേബിള്‍ ടി വി നന്നാക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാവും യുവതിയും ചേര്‍ന്ന് റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ആറര പവന്‍ സ്വര്‍ണം കവര്‍ന്നു.എരൂര്‍-ഇരുമ്പനം റോഡില്‍ കൊച്ചുപുരയ്ക്കല്‍ പരേതനായ രാമന്റെ ഭാര്യ രഘുപതിയെ (78)യെ ആക്രമിച്ചാണ് കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ മാലയും രണ്ടു കൈകളിലും ധരിച്ചിരുന്ന ഓരോ പവന്‍ വീതമുള്ള വളകളും ഊരിയെടുത്തത്. വീട്ടില്‍ രഘുപതിയും ഇളയ മകന്‍ അനൂപും ഭാര്യയും മകളും മാത്രമാണ് താമസം. അനൂപ് ജോലിക്കും ഭാര്യ സ്വന്തം വീട്ടിലും മകള്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു. രഘുപതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കോളിങ് ബെല്‍ അടിച്ചപ്പോള്‍ രഘുപതി വാതില്‍ തുറന്നു. കേബിള്‍ ടിവിയുടെ സെറ്റ് അപ് ബോക്സ് മാറ്റിവച്ചാലേ എല്ലാ ചാനലുകളും കാണുവാന്‍ കഴിയുവെന്നും അതിനുവേണ്ടി കേബിള്‍ കമ്പനിയില്‍നിന്നും വന്ന ആളാണെന്നും യുവാവ് പറഞ്ഞു. വാതില്‍ തുറന്നു അകത്ത് കയറിയ യുവാവ് ടിവിയും സെറ്റ് അപ് ബോക്സും പരിശോധിച്ചശേഷം കൈ തുടയ്ക്കുവാന്‍ പഴയ തുണി ആവശ്യപ്പെട്ടു. തുണി നല്‍കിയശേഷം രഘുപതി അടുക്കളയിലേക്ക് പോയി ആഹാരം പാകം ചെയ്യുമ്പോള്‍ ടിവിയുടെ സമീപത്തെ കേബിള്‍ ഉയര്‍ത്തിപ്പിടിക്കാമോ എന്നു യുവാവ് ചോദിച്ചു. കേബിള്‍ ഉയര്‍ത്തിപ്പിടിച്ചു രഘുപതി നില്‍ക്കുമ്പോള്‍ യുവാവ് പിന്നിലൂടെ വന്നു വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

താഴെ വീണ രഘുപതിയുടെ വായ പൊത്തിപ്പിടിച്ചു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി കഴുത്തിലെ മാലയും കൈകളിലെ വളകളും യുവാവ് ഊരിയെടുക്കുകയായിരുന്നു. സ്‌കൂട്ടറിലാണ് കവര്‍ച്ചക്കാരായ യുവാവും യുവതിയും എത്തിയതെന്ന് സമീപത്തെ സിസിടിവി. ദൃശ്യങ്ങളില്‍നിന്നും വ്യക്തമായി. യുവതി വീടിന്റെ ഗേറ്റിനുപുറത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവാവ് വീടിനകത്ത് പ്രവേശിച്ചാണ് കവര്‍ച്ച നടത്തിയത്.കവര്‍ച്ചയ്ക്കുശേഷം തിരികെപോകുമ്പോള്‍ യുവതി സ്‌കൂട്ടര്‍ ഓടിക്കുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്. ഇരുവരും മലയാളികളാണ്. രണ്ടു ദിവസം മുന്‍പ് ഇതേ യുവാവും യുവതിയും ഈ വീട്ടിലെത്തി സെറ്റ് അപ് ബോക്സ് മാറ്റണം എന്നു പറഞ്ഞിരുന്നതായി രഘുപതി പോലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ ആരും ഇത്തരത്തില്‍ ബോക്സ് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നില്ല.ആക്രമണത്തില്‍ ആഴത്തിലുള്ള മൂന്നു മുറിവുകളാണ് രഘുപതിയുടെ തലയില്‍ ഉള്ളത്. ബലം പ്രയോഗിച്ച് വളകള്‍ ഊരിയെടുക്കുന്നതിനിടെ രഘുപതിയുടെ കൈകളിലും പരുക്കേറ്റിട്ടുണ്ട്. മൂത്ത മകന്റെ സുഹൃത്ത് എത്തിയാണ് രഘുപതിയെ ആശുപത്രിയില്‍ എത്തിച്ചത്.തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉത്തംദാസ്, എസ്‌ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

Next Story

RELATED STORIES

Share it