Kerala

വിസ്ഡം പ്രൊഫ്‌കോണിന് പെരിന്തല്‍മണ്ണയില്‍ ഉജ്ജ്വല തുടക്കം

ഡല്‍ഹി ജാമിഅ: ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹമദ് ഉദ്ഘാടനം ചെയ്തു

വിസ്ഡം പ്രൊഫ്‌കോണിന് പെരിന്തല്‍മണ്ണയില്‍ ഉജ്ജ്വല തുടക്കം
X

പെരിന്തല്‍മണ്ണ: 23ാമത് ആഗോള പ്രൊഫഷനല്‍ വിദ്യാര്‍ത്ഥി സമ്മേളനം-പ്രൊഫ്‌കോണിന് പെരിന്തല്‍മണ്ണയില്‍ ഉജ്ജ്വല തുടക്കം. വര്‍ഗീയതയും ഫാഷിസവും ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതാണെന്നും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ ഭരണകൂട ഭീകരതയ്‌ക്കെതിരേ വിദ്യാര്‍ത്ഥി സമൂഹം പ്രതികരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോടിക്കണക്കിനു പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണയും നല്‍കാതെ ഏതാനും കോര്‍പറേറ്റ് ഭീമന്മാരുടെ വികസനം മാത്രം ലക്ഷ്യമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യം ഭരിച്ചത്. നിയമ നിര്‍മാണത്തിലൂടെ മാത്രം സമൂഹത്തില്‍ സദാചാര മൂല്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ബോധവല്‍ക്കരണത്തിന് ഊന്നല്‍ കൊടുത്ത് സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉദ്ഘാടന സമ്മേളനം ഡല്‍ഹി ജാമിഅ: ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹമദ് ഉദ്ഘാടനം ചെയ്തു. ഗണിതം, ശാസ്ത്രം, പുസ്തക രചന തുടങ്ങിയ മേഖലകളില്‍ തനതു മുദ്രകള്‍ അടയാളപ്പെടുത്തിയവരാണ് മുന്‍കാല ധിഷണാശാലികളെന്നും അവരുടെ കണ്ടുപിടുത്തങ്ങളും മറ്റും വിപുലീകരിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ മറ്റു പലരും ചെയ്തതുമെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി പി നസീഫ് അധ്യക്ഷത വഹിച്ചു. എം പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം ഹെല്‍ത്ത് കെയര്‍ സംസ്ഥാന സെക്രട്ടറി പി എം ഷാഹുല്‍ ഹമീദ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍, പി പി റഷീദ് കാരപ്പുറം, ഹുസയ്ന്‍ കാവനൂര്‍, സി മുഹാസ് സംസാരിച്ചു.

'ഇന്ത്യയും ന്യുനപക്ഷവും' പാനല്‍ ചര്‍ച്ചയില്‍ വി ശശികുമാര്‍, വി ആര്‍ അനൂപ്, ഡോ. സ്വാബിര്‍ നവാസ്, അഡ്വ. പി കെ ഹബീബ് റഹ്മാന്‍, എം കെ ഇര്‍ഫാന്‍, ഷാഫി സ്വബാഹി, ശിഹാബ് എടക്കര പങ്കെടുത്തു. നാളെ നടക്കുന്ന സെഷനുകളില്‍ കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, വി ടി ബല്‍റാം എംഎല്‍എ, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, എഎംയു മലപ്പുറം സെന്റര്‍ ഡയറക്ടര്‍ പ്രഫ. കെ എം അബ്ദുര്‍ റഷീദ്, ഡോ. ആയിശ അജ്മാന്‍ സംബന്ധിക്കും. അക്കാദമിക്ക് സെഷന്‍ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലാബ് മുന്‍ ഡയറക്ടര്‍ ഡോ. ആര്‍ കെ ശര്‍മ ഉദ്ഘാടനം ചെയ്യും. ഡോ. കെ പി ഷിയാസ് സ്വലാഹി അധ്യക്ഷത വഹിക്കും. ഡല്‍ഹി ജാമിഅ ഹംദര്‍ദ് ഡീന്‍ ഡോ. ഫര്‍ഹാന്‍ ജലീസ് അഹ്മദ്, യുഎഇ ആസ്റ്റര്‍ സിഇഒ ഡോ. ഷര്‍ബാസ് ബിച്ചു, വയനാട് കെവിഎഎസ്‌യു അസി. പ്രഫസര്‍ ഡോ. ഇ എം മുഹമ്മദ്, കോഴിക്കോട് എന്‍ഐടി സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് & ടെക്‌നോളജി അസി. പ്രഫസര്‍ ഡോ. ടി ഹനാസ്, ഐഡി ഫ്രഷ് ഫുഡ് സിഇഒ പി സി മുസ്തഫ, കോണ്‍സൈറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജാബിര്‍ സബരി ഒമര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it