Kerala

നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയ കേസ്; ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍

നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയ കേസ്; ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. ഫാം ഫെഡിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് ഡയറക്ടര്‍മാരും പ്രതികളാണ്.

കവടിയാര്‍ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിലാണ് പോലിസ് നടപടി. സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ ഫാം ഫെഡ് എന്ന പേരില്‍ പ്രതികള്‍ ഒരു കമ്പനി നടത്തുന്നുണ്ട്. ഈ കമ്പനി പിന്നീട് ദി ഫോര്‍ത്ത് എന്ന പേരില്‍ മാധ്യമ രംഗത്തേക്കും കടന്നു. ഫാം ഫെഡിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. 2008 ല്‍ ആരംഭിച്ച ഫാം ഫെഡ്, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് മൂന്നൂറ് കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് പോലിസ് കേസ്.

പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ആദ്യ രണ്ട് വര്‍ഷം വാഗ്ദാനം ചെയ്ത പണം നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. ഇതോടെ പരാതിക്കാര്‍ മ്യൂസിയം പോലിസിനെ സമീപിച്ചു. കേസ് എടുക്കുമെന്ന ഘട്ടം എത്തിയതോടെ രണ്ട് മാസം മുമ്പ് പണം തിരികെ നല്‍കാമെന്ന് കമ്പനി ഉടമകള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ വാക്ക് പാലിക്കാതായതോടെ നിക്ഷേപകര്‍ ഒരാഴ്ച മുമ്പ് വീണ്ടും പോലിസിനെ സമീപിച്ചു. ഇവരില്‍ കവടിയാര്‍ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മറ്റ് മൂന്ന് നിക്ഷേപകരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജേഷ് പിള്ളക്കും അഖില്‍ ഫ്രാന്‍സിസിനും പുറമേ, ഡയറക്ടര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരും കേസില്‍ പ്രതികളാണ്. ചെന്നൈയിലാണ് ഫാം ഫെഡിന്റെ കോര്‍പറേറ്റ് ആസ്ഥാനം. കേരളത്തില്‍ 16 ശാഖകളുണ്ട്.






Next Story

RELATED STORIES

Share it