Kerala

മതസാമുദായിക സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യകത: സീറോമലബാര്‍ സഭ

സമുദായസൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാര്‍ ശ്രമിക്കുന്നത്

മതസാമുദായിക സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യകത: സീറോമലബാര്‍ സഭ
X

കൊച്ചി: കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. കേരളം മഹത്തായ മതേതര സംസ്‌കാരം പുലര്‍ത്തി വന്നിരുന്ന സമൂഹമാണ്. എന്നാല്‍ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അകലം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ സമുദായസൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാര്‍പോലും ശ്രമിക്കുന്നത്.

ഇത്തരത്തില്‍ താല്‍കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയും തിരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ യോഗം വിലയിരുത്തി.

വിവിധ മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും സൗഹാര്‍ദങ്ങള്‍ വളര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായ പ്രകടനങ്ങളിലൊതുങ്ങുകയാണ്. പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദഭീഷണികള്‍, സ്ത്രീകളും കുട്ടികളും കെണിയില്‍പെടുന്ന സാഹചര്യങ്ങള്‍, കള്ളപ്പണം മയക്കുമരുന്നുവ്യാപനം, ന്യൂനപക്ഷ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങള്‍ മുതലായവ മുന്‍വിധിയോടെയല്ലാത്ത ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി ന്യായവും നീതിപൂര്‍വകവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതുവഴി മാത്രമേ മതസമുദായ സൗഹാര്‍ദം യാഥാര്‍ഥ്യമാവുകയുള്ളൂ.

ഭൂരിപക്ഷവര്‍ഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളിപറഞ്ഞുകൊണ്ട് രാഷ്ട്രത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ആത്മാര്‍ഥശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണം. സാമൂഹ്യസുസ്ഥിതിക്കു വേണ്ടി സമുദായസൗഹാര്‍ദം നിലനിര്‍ത്താന്‍ എല്ലാ മതങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും കലാ സാംസ്‌കാരിക മാധ്യമ സിനിമാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുസമൂഹം മുഴുവനും കടമയുണ്ടെന്നും സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വ്യക്തമാക്കി.

പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, കമ്മീഷന്‍ അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറി ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ പങ്കെടുത്തു.syro

Next Story

RELATED STORIES

Share it