Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ :സീറോ മലബാര്‍ സഭയില്‍ വൈദികര്‍ തമ്മില്‍ വീണ്ടും ചേരിപ്പോര്; കേസെടുത്തതിനെതിരെ വൈദിക സമിതി

മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്തത് അധാര്‍മികവും അക്രൈസ്തവവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണ്.ദുരുദ്ദേശത്തോടെയാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി നല്‍കിയ ഫാ.ജോബി മാപ്രക്കാവിലും അദ്ദേഹത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും മാര്‍ ജേക്കബ് മനത്തോടത്തിന്റെയും അതിരൂപതയുടെയും സല്‍പേര് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.സീറോ മലബാര്‍ സിനഡിന്റെ മാധ്യമ കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പുകള്‍ തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവുമാണ്.

കര്‍ദിനാളിനെതിരെ വ്യാജ രേഖ :സീറോ മലബാര്‍ സഭയില്‍ വൈദികര്‍ തമ്മില്‍ വീണ്ടും ചേരിപ്പോര്; കേസെടുത്തതിനെതിരെ വൈദിക സമിതി
X

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനാ വിവാദത്തിനു പിന്നാലെ സീറോ മലബാര്‍ സഭയില്‍ വൈദികര്‍ തമ്മില്‍ വീണ്ടും ചേരിപ്പോര്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് സ്‌റ്റേറ്റ്മെന്റ് ചമച്ച് അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, മുന്‍ സഭാ വക്താവും സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ.പോള്‍ തേലക്കാട്ട് എന്നിവര്‍ക്കെതിരെ കേസെടുത്തതിനെതിരെ അതിരൂപതയിലെ വൈദിക സമതി രംഗത്ത്.സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നും സിനഡിന്റെ തീരുമാനമെന്ന വിധത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് അടിയന്തര വൈദിക സമിതിയോഗം പറഞ്ഞു.

കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ 342ാം നമ്പറായി സമര്‍പ്പിക്കപ്പെട്ട എഫ് ഐ ആര്‍ പ്രകാരം മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്തത് അധാര്‍മികവും അക്രൈസ്തവവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണെന്നും വൈദിക സമിതിയോഗം കുറ്റപ്പെടുത്തി.ദുരുദ്ദേശത്തോടെയാണ് ഈ പരാതി നല്‍കിയിട്ടുള്ളത്. പരാതി നല്‍കിയ ഫാ.ജോബി മാപ്രക്കാവിലും അദ്ദേഹത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും മാര്‍ ജേക്കബ് മനത്തോടത്തിന്റെയും അതിരൂപതയുടെയും സല്‍പേര് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി.സീറോ മലബാര്‍ സിനഡിന്റെ മാധ്യമ കമ്മീഷന്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പുകള്‍ തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവുമാണ്. മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്ത എഫ് ഐ ആര്‍ ബന്ധപ്പെട്ട അധികാരികളുടെ കൈയിലിരിക്കുമ്പോഴാണ് അവരെ പ്രതിയാക്കിട്ടില്ലെന്ന് കാട്ടി വാര്‍ത്താ കുറിപ്പ് ഇറക്കിയത്. രേഖകളുടെ ഉറവിടത്തെ പറ്റി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നു തന്നെയാണ് വൈദിക സമിതിയുടെയും അഭിപ്രായം മെന്നും സമിതി വ്യക്തമാക്കി.

അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ വൈദിക സമിതി യോഗം നടക്കുന്നതിനിടയില്‍ അതിരൂപതാ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ഭൂമി കുംഭകോണത്തില്‍ അതിരൂപതയ്ക്ക് വന്ന നഷ്ടം കുറ്റക്കാരില്‍ നിന്നും തിരിച്ചു പിടിക്കുക,ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മപ്രകാവിലിനെ ഉടന്‍ നീക്കം ചെയ്യുക, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധനയക്ക് വിധേയമാക്കുക,വ്യാജരേഖയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം


Next Story

RELATED STORIES

Share it