Kerala

മാധ്യമള്‍ക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

സഭയ്‌ക്കെതിരായി ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന കരുനീക്കങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്നു.വിമതപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് അനര്‍ഹമായ പ്രോല്‍സാഹനം നല്‍കുന്നു. ആധ്യാത്മിക പിതാവിനെ ആക്ഷേപിച്ച് കോലം കത്തിക്കാന്‍ കേവലം 6 വ്യക്തികള്‍ രംഗത്ത് വന്നപ്പോള്‍ തത്സമയ സംപ്രേക്ഷണം നടത്താന്‍ ചില മാധ്യമങ്ങള്‍ കാട്ടിയ താല്‍പര്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യം

മാധ്യമള്‍ക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍
X

കൊച്ചി:മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.സഭയ്‌ക്കെതിരായി ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന കരുനീക്കങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സമൂഹത്തിന് നന്മ ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് സന്യസ്തരുടെ പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുന്ന മാധ്യമങ്ങള്‍ വിമതപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് അനര്‍ഹമായ പ്രോല്‍സാഹനം നല്‍കുന്നുലെന്നും സീറോമലബാര്‍ സഭ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.60 ലക്ഷം വിശ്വാസികളുടെ ആധ്യാത്മിക പിതാവിനെ ആക്ഷേപിച്ച് കോലം കത്തിക്കാന്‍ കേവലം 6 വ്യക്തികള്‍ രംഗത്ത് വന്നപ്പോള്‍ തത്സമയ സംപ്രേക്ഷണം നടത്താന്‍പോലും ചില മാധ്യമങ്ങള്‍ കാട്ടിയ താല്‍പര്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട.

സഭാനവീകരണത്തിനു വേണ്ടി എന്ന വ്യാജേന മുന്നിട്ടിറങ്ങുന്ന നാമമാത്ര സംഘടനകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയോ അതിനായി പണം മുടക്കുന്നവരുടെയോ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷണം നടത്തുന്നില്ലെന്നും മീഡിയ കമ്മീഷന്‍ കുറ്റപ്പെടുത്തി.സീറോമലബാര്‍ സഭയുടെ തലവന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു. സീറോമലബാര്‍ സഭയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരവും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം സീറോമലബാര്‍ സഭയുടെ തലവന്റേതാണ് എന്ന പ്രചരണം നടത്തി. ഈ വിഷയത്തില്‍ ഇടപെടുന്നതിനോ പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനോ സഭാസംവിധാനത്തിലെ അധികാര പരിധികളുടെ അടിസ്ഥാനത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന് സാധിക്കുന്നതല്ല. ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും നിയമാനുസൃതമായി പൂര്‍ത്തിയാക്കണമെന്നും തെരുവിലെ വൈകാരിക സമരങ്ങള്‍ക്കു പകരം നിയമവാഴ്ചയെ അംഗീകരിക്കണമെന്നുള്ളതാണ്് ഇക്കാര്യത്തില്‍ സീറോമലബാര്‍ സഭയുടെ നിലപാടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മാധ്യമങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും പിന്തുണയോടെ സന്യാസജീവിതത്തിന്റെ വിശുദ്ധിയെയും സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവരുടെ കപടമുഖം വിശ്വാസികള്‍ തിരിച്ചറിയണം. ഓരോ സന്യാസ സഭയുടെയും വ്യവസ്ഥാപിത അധികാരികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കുകയാണ് വേണ്ടത്. തങ്ങളെ സംബന്ധിച്ച തീരുമാനങ്ങളില്‍ അന്യായം ഉണ്ടെന്ന് തോന്നുന്നവര്‍ക്ക് അത് പരിഹരിച്ചു കിട്ടാന്‍ റോമിലെ സന്യാസസഭകളുടെ കാര്യാലയത്തെ സമീപിക്കാവുന്നതാണ്. സ്വന്തം പക്ഷത്ത് ന്യായമില്ലെന്ന് ബോധ്യമുള്ളവര്‍ മാധ്യമങ്ങളെ മറയാക്കുന്നത് തിരിച്ചറിയണമെന്നും മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Next Story

RELATED STORIES

Share it