Kerala

സുരേഷ് ഗോപിയെ പിന്തുണച്ചിട്ടില്ല; മലക്കം മറിഞ്ഞ് തൃശൂര്‍ മേയര്‍

സുരേഷ് ഗോപിയെ പിന്തുണച്ചിട്ടില്ല; മലക്കം മറിഞ്ഞ് തൃശൂര്‍ മേയര്‍
X

തൃശൂര്‍:എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് അനുകൂലമായ പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് തൃശൂര്‍ കോപ്പറേഷനിലെ എല്‍ഡിഎഫ് മേയര്‍ എംകെ വര്‍ഗീസ്. സുരേഷ് ഗോപിയെ താന്‍ പിന്തുണച്ചിട്ടില്ല. സുരേഷ് ഗോപി നല്ല കാര്യങ്ങള്‍ ചെയ്‌തെന്ന് മാത്രമാണ് പറഞ്ഞത് എന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു.

ചോദിച്ചതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ഒരു കോടി രൂപ സുരേഷ് ഗോപി കോര്‍പ്പറേഷന് തന്നു എന്ന് മാത്രമാണ് പറഞ്ഞത്. താന്‍ സ്വതന്ത്രനാണ്. നാട് നന്നാക്കാന്‍ ആര് സാമ്പത്തിക സഹായം തന്നാലും അത് വാങ്ങുക എന്നത് മാത്രമേ തന്റെ ലക്ഷ്യമുള്ളൂ. അതാണ് ഉദ്ദേശിച്ചത്. പിന്തുണ കൊടുക്കല്‍ അല്ല. സുരേഷ് ഗോപി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.

മറ്റുള്ള സ്ഥാനാര്‍ത്ഥികളും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മൂന്നു സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണ്. മൂന്നുപേരും ഫിറ്റാണ്. സുനില്‍കുമാര്‍ എക്‌സ്ട്രാ ഓര്‍ഡിനറി മിടുക്കന്‍. സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് ആയിരുന്നു നേരത്തെ മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞത്. ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മിടുക്കനാണെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. സുരേഷ് ഗോപി കോര്‍പ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവര്‍ വാഗ്ദാനം മാത്രം നല്‍കി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വതന്ത്ര ചിന്തയോടെയാണ് താന്‍ വോട്ടു ചെയ്യുക എന്നും മേയര്‍ പ്രതികരിച്ചിരുന്നു.




Next Story

RELATED STORIES

Share it