Kerala

1035 കോടി രൂപയുടെ കുടിശിക കെണിയില്‍ സപ്ലൈകോ

കേന്ദ്രത്തിന്റേതുപോലെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് സപ്ലൈകോ നേരിടുന്നത്.

1035 കോടി രൂപയുടെ കുടിശിക കെണിയില്‍ സപ്ലൈകോ
X

തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോ 1035 കോടി രൂപയുടെ കുടിശിക കെണിയില്‍. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്രവും സബ്സിഡി നല്‍കിയിനത്തില്‍ സംസ്ഥാന സര്‍ക്കാരും കോടികള്‍ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. വില്‍പന ഗണ്യമായി കുറഞ്ഞതും അവശ്യസാധനങ്ങളുടെ കുറവും തിരിച്ചടിയായി.

നെല്ലുസംഭരിച്ച വകയില്‍ 1035 കോടി രൂപയാണ് കുടിശിക. ഇതില്‍ ബില്ല് സമര്‍പ്പിച്ച 508 കോടിരൂപ പോലും നല്‍കിയിട്ടില്ല. പഞ്ചസാര വിതരണം ചെയ്തതിലുള്ള ഒന്‍പതരക്കോടി വേറെ.കേന്ദ്രത്തിന്റേതുപോലെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് സപ്ലൈകോ നേരിടുന്നത്. നെല്ലുസംഭരിച്ച വകയിലുള്ള 554 കോടി അടക്കം 928 കോടിയാണ് നല്‍കാനുള്ളത്. സാധനങ്ങള്‍ സബ്സിഡിയിനത്തില്‍ കൊടുത്ത വകയില്‍ 133.64 കോടി,റേഷന്‍ധാന്യങ്ങള്‍ കടകളില്‍ എത്തിച്ച് നല്‍കുന്ന വാതില്‍പ്പടി വിതരണത്തിന്റ ചെലവ് 161 കോടി. പഞ്ചസാര വിതരണത്തില്‍ 78 കോടി. ബജറ്റില്‍ കാര്യമായ വിഹിതം കൂടിയില്ലാത്തതിനാല്‍ സപ്ളൈകോയുടെ മുന്നോട്ടുള്ള പോക്ക് തീര്‍ത്തും പ്രതിസന്ധിയിലാണ്.

ഇതിനോടൊപ്പം തന്നെ മറുവശത്ത് കരാറുകാരുടെ കുടിശികയും കൂടുകയാണ്. അതേസമയം ഔട്ട്ലറ്റുകളില്‍ വില്‍പന ഗണ്യമായ തോതില്‍ കുറഞ്ഞത് ഇരുട്ടടിയായി. കഴിഞ്ഞമാസം വിറ്റുവരവില്‍ 22 ശതമാനത്തോളമാണ് കുറവ്. കടല,ഉഴുന്ന് വെളിച്ചെണ്ണ തുടങ്ങിയ ആവശ്യ സാധനങ്ങള്‍ കടകളില്‍ കിട്ടാനില്ല. വിപണനത്തിനെത്തിച്ച കടല ഗുണനിലവാരമില്ലെന്ന് കണ്ടെത്തി അടുത്തിടെ സപ്ലൈകോ അധികൃതര്‍ തിരിച്ചയച്ചിരുന്നു.

Next Story

RELATED STORIES

Share it