Kerala

കരാറുകാരനും പൊതു മരാമത്തുവകുപ്പും കൈയൊഴിഞ്ഞു; സംസ്ഥാനപാത ഇരകളെ കാത്ത് ഗർത്തങ്ങളായിത്തന്നെ കിടക്കും

വാഹനം ഓടിക്കുമ്പോൾ സംസ്ഥാനപാതയിലുള്ള കുഴികളെ ഒഴിവാക്കി വശം മാറി പോകേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ കുഴികളെ മറികടന്നു പോകുന്നത് നിരവധി അപകടങ്ങളാണുണ്ടാക്കുന്നത്.

കരാറുകാരനും പൊതു മരാമത്തുവകുപ്പും കൈയൊഴിഞ്ഞു; സംസ്ഥാനപാത ഇരകളെ കാത്ത് ഗർത്തങ്ങളായിത്തന്നെ കിടക്കും
X

തൃശൂർ: കരാറുകാരനും പൊതു മരാമത്തുവകുപ്പും കൈയൊഴിഞ്ഞു. ഇനിയും സംസ്ഥാനപാത ഇരകളെ കാത്ത് ഗർത്തങ്ങളായിത്തന്നെ കിടക്കും. കൃഷ്ണൻകോട്ട - മാള -കൊടകര സംസ്ഥാനപാതയിലെ കുഴികൾ അപകടങ്ങൾക്കുള്ള കെണിയായി മാറുകയാണ്. സംസ്ഥാന പാതയിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിന്റെ പരിധിയിലെ 10.88 കിലോമീറ്റർ ഭാഗമാണ് ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

വാഹനം ഓടിക്കുമ്പോൾ സംസ്ഥാനപാതയിലുള്ള കുഴികളെ ഒഴിവാക്കി വശം മാറി പോകേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ കുഴികളെ മറികടന്നു പോകുന്നത് നിരവധി അപകടങ്ങളാണുണ്ടാക്കുന്നത്. റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികൾ ഫലപ്രദമായി നടന്നിട്ടില്ല. കൊടുങ്ങല്ലൂർ കീത്തോളി മുതൽ കൊടകര ശാന്തി ഹോസ്പിറ്റലിന് സമീപം വരെ പൊതുമരാമത്ത് കൊടകര, മാള സെക്ഷനുകളിലായി 25 കിലോമീറ്ററോളമുള്ള സംസ്ഥാന പാതയാണിത്. ഇതിൽ മാള സെക്ഷന്റെ കീഴിൽ വരുന്ന അഷ്ടമിച്ചിറ മുതൽ കീത്തോളി വരെയുള്ള 11 കിലോമീറ്ററാണ് തകർന്നത്.

മാള സെക്ഷന് കീഴിൽ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലായാണ് റോഡ്. ഇവിടെ ഉന്നത നിലവാരത്തിൽ റോഡ് ടാറിങ് നടത്താൻ 2021 ആ​ഗസ്ത് 27 ന് മതിലകം സ്വദേശി മുഹമ്മദ് റാഫിയാണ് അഞ്ച് കോടി രൂപക്ക് കരാറെടുത്തത്. കരാർ കാലാവധി ജൂൺ അഞ്ചിന് അവസാനിക്കും. റോഡിന്റെ ലെവൽ എടുക്കാൻ വൈകിയതും സ്വന്തം പ്ലാന്‍റ് പൂട്ടേണ്ടിവന്നതും ചൂണ്ടിക്കാണിച്ച് കരാറുകാരൻ നിർമാണം നടത്താൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സംസ്ഥാന പാതയിലെ ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ ഭാഗമായ ആളൂർ, മാള വഴി മുതൽ കൊടുങ്ങല്ലൂർ മണ്ഡലം വരെ 4.5 കോടിയുടെ നിർമാണങ്ങൾ ഒരു മാസം മുമ്പ് പൂർത്തിയാക്കിയിരുന്നു. അവിടെ ടാറിങ് നടത്തിയവരുടെ കനിവില്‍ അഷ്ടമിച്ചിറ വരെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ടാറിംഗ് നടത്തിയിട്ടുണ്ട്. ബാക്കി ഭാഗങ്ങളിലെ നിര്‍മ്മാണ കാലാവധി അവസാനിച്ച് വീണ്ടും ടെൻഡർ നടപടികൾ സ്വീകരിക്കേണ്ട അവസ്ഥയിൽ ടാറിടൽ നീണ്ടു പോകാനാണ് സാധ്യത. മാള ടൗണിലെ 280 മീറ്റർ മാത്രമാണ് അടുത്തിടെ ടാറിങ് നടത്തിയത്.

മഴക്കാലമായാൽ നിർമാണം നടക്കില്ലെന്ന് മാത്രമല്ല കുഴികളുടെ എണ്ണവും വിസ്തൃതിയും അപകടങ്ങളും വർധിക്കാന്‍ സാധ്യതയേറെയാണ്. കരാറുകാരന്റെ കാര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയറാണ്. ടയർ വിഴുങ്ങും കുഴി വലിയ വാഹനങ്ങളുടെ ടയർ മുഴുവനായും ഇറങ്ങിപ്പോകാൻ പാകത്തിനുള്ളവയാണ്. നിർമാണം നടത്തേണ്ട ഭാഗങ്ങൾ കരാറുകാരന് കൈമാറിയാൽ തുടർന്നുള്ള അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ അടക്കാൻ കഴിയില്ലെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ എസ് ശ്യാമ പറഞ്ഞു. മറ്റ് എന്തെങ്കിലും പദ്ധതികളില്‍ പെടുത്തി താൽകാലിക നവീകരണം നടത്താൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it