Kerala

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട ലൈഫ് ഗാര്‍ഡിന്റെ കുടുംബത്തിന് തണലായി സംസ്ഥാന സര്‍ക്കാര്‍

ജോലിയില്‍ നിന്ന് വിരമിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ഒരു നിശ്ചിത തുക നല്‍കാനും, റിട്ടയര്‍മെന്റിനുശേഷം സുരക്ഷിതമായ ഒരു ജീവിതം ഉറപ്പുവരുത്താനുമുള്ള പദ്ധതി ടൂറിസം വകുപ്പ് തയ്യാറാക്കി വരുകയാണെന്നും മന്ത്രി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട ലൈഫ് ഗാര്‍ഡിന്റെ കുടുംബത്തിന് തണലായി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: ശംഖുംമുഖം ബീച്ചില്‍ ലൈഫ് ഗാര്‍ഡായി സേവനം സേവനമനുഷ്ഠിക്കവേ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് ധനസഹായവും ഗബ്രിയേലിന്റെ ഭാര്യയുടെ നിയമന ഉത്തരവും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായവും അദ്ദേഹത്തിന്റെ ഭാര്യക്ക് വിനോദസഞ്ചാര വകുപ്പിന് കീഴില്‍ സ്ഥിരം ജോലി നല്‍കി കൊണ്ടുള്ള നിയമന ഉത്തരവുമാണ് ശംഖുമുഖത്ത് വെച്ച് മന്ത്രി കൈമാറിയത്.

ശംഖുമുഖം ബീച്ചില്‍ അതിശക്തമായ തിരയില്‍പ്പെട്ട യുവതിയെ അതിസാഹസികമായി രക്ഷിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിനിടയില്‍ തിരയില്‍പ്പെട്ട ജോണ്‍സന്റെ തല പാറക്കെട്ടില്‍ അടിച്ച് ബോധരഹിതനായാതിനെ തുടര്‍ന്ന് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ജോണ്‍സണ്‍ ഗബ്രിയേലിന്റെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ നിരാലംബ കുടുംബത്തിന് പരിരക്ഷയും ജീവിത സുരക്ഷയും ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്പര്യം എടുക്കുകയായിരുന്നു. അങ്ങേയറ്റം ധീരമായ പ്രവൃത്തിയാണ് ജോണ്‍സണ്‍ കാണിച്ചതെന്നും സ്വന്തം ജീവന്‍ പോലും വക വെക്കാതെ സ്വന്തം കടമ നിറവേറ്റിയ ധീരനാണ് ജോണ്‍സണ്‍ എന്നും മന്ത്രി പറഞ്ഞു.

ജോണ്‍സണ്‍ തന്റെ സേവന കാലയളവില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, ശംഖുമുഖം, വേളി ബീച്ചുകളില്‍ തിരയില്‍പ്പെട്ട വിദേശികളും സ്വദേശീകളുമായ നിരവധി പേരുടെ വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയ വ്യക്തിയായിരുന്നു.പന്ത്രണ്ട് വര്‍ഷത്തോളംജോണ്‍സന്റെ വിലപ്പെട്ട സേവനം വകുപ്പിന് ലഭ്യമായിട്ടുണ്ട്. വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള എല്ലാ ലൈഫ് ഗാര്‍ഡുകള്‍ക്കും മാതൃകയായിരുന്നു ജോണ്‍സണ്‍. രക്ഷാ പ്രവര്‍ത്തനത്തിനിയില്‍ തന്റെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോഴും താന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സുരക്ഷിതമായി കൂടെ രക്ഷാപ്രവര്‍ത്തനത്തിന് കടലിലിറങ്ങിയ ലൈഫ് ഗാര്‍ഡുകളെ ഏല്‍പിച്ചു എന്നത് അദ്ദേഹം തന്റെ ജോലിയോട് എത്ര മാത്രം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു എന്നത് നമുക്ക് മനസിലാക്കിത്തരുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.

വളരെ അപകടകരമായി മറ്റുള്ളവരുടെ ജീവരക്ഷക്കായി പ്രവര്‍ത്തിക്കുന്നവരാണ് ലൈഫ് ഗാര്‍ഡുകള്‍. അതുകൊണ്ട് തന്നെ വളരെ അനുഭാവപരമായാണ് ഇടതു സര്‍ക്കാര്‍ ലൈഫാ ഗാര്‍ഡുകളെ സമീപിക്കുന്നത്. ഈ മേഖലയിലെ അപകട സാധ്യത പരിഗണിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടാതെ ദിവസം 100 രൂപ നിരക്കില്‍ റിസ്‌ക് അലവന്‍സ് പുനഃസ്ഥാപിച്ചു. ലൈഫ് ഗാര്‍ഡുകള്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജോലിയില്‍ നിന്ന് വിരമിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ഒരു നിശ്ചിത തുക നല്‍കാനും, റിട്ടയര്‍മെന്റിനുശേഷം സുരക്ഷിതമായ ഒരു ജീവിതം ഉറപ്പുവരുത്താനുമുള്ള പദ്ധതി ടൂറിസം വകുപ്പ് തയ്യാറാക്കി വരുകയാണെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it