Kerala

മതമില്ലെന്ന് രേഖപ്പെടുത്തി; സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി

കുട്ടിയുടെ പിതാവ് നസീം പരാതിയുമായി രംഗത്തുവന്നതോടെ പ്രവേശനം നൽകാമെന്ന് സ്കൂൾ മാനേജ്മെന്‍റ് വ്യക്തമാക്കിയെങ്കിലും ഇനി പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

മതമില്ലെന്ന് രേഖപ്പെടുത്തി; സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി
X

തിരുവനന്തപുരം: മതമില്ലെന്ന് രേഖപ്പെടുത്തിയതിനാൽ ഒന്നാം ക്ലാസ്സിലേക്ക് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം. സ്കൂൾ പ്രവേശനത്തിന് മതം രേഖപ്പെടുത്തേണ്ടെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ മാനേജ്മെന്റിന്റെ ഈ നിലപാട് വിവാദമാവുകയാണ്. കുട്ടിയുടെ പിതാവ് നസീം പരാതിയുമായി രംഗത്തുവന്നതോടെ പ്രവേശനം നൽകാമെന്ന് സ്കൂൾ മാനേജ്മെന്‍റ് വ്യക്തമാക്കിയെങ്കിലും ഇനി പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്.


നസീമും ഭാര്യ ധന്യയും മകനെ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കാൻ സ്കൂളിലെത്തി ഫോം പൂരിപ്പിച്ച് നൽകിയപ്പോഴാണ് എൽപി വിഭാഗം മേധാവി സിസ്റ്റർ ടെസ്സി തടസം അറിയിച്ചതെന്നാണ് ആക്ഷേപം. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ മാനേജ്മെന്‍റുമായി ആലോചിച്ചശേഷം സിസ്റ്റർ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടു. അഡ്മിഷൻ വേണമെങ്കിൽ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് സിസ്റ്റർ പറഞ്ഞതെന്ന് നസീം വ്യക്തമാക്കുന്നു. നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്കൂൾ അധികൃതരും സമ്മതിച്ചു.

ഏഷ്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് എയിഡ‍ഡ് വിദ്യാഭ്യാസ സ്ഥാപനമായ പട്ടം സെന്‍റ് മേരീസ്. അക്കാദമിക രംഗത്തും വളരെയേറെ മുന്നിലുള്ള ഈ സ്കൂളിന് സർക്കാരും വലിയ പിന്തുണയാണ് നൽകുന്നത്.

Next Story

RELATED STORIES

Share it