Kerala

എസ്എസ്എല്‍സി: 'ഹോപ്പ്' പദ്ധതിപ്രകാരം പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്.

എസ്എസ്എല്‍സി: ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം
X
ഹോപ്പ് പദ്ധതിപ്രകാരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: പോലിസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന 'ഹോപ്പ്' എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച് പരീക്ഷയെഴുതിയ 522 കുട്ടികളില്‍ 465 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഐജി പി വിജയന്‍ അറിയിച്ചു.


ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്. കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ നേടിയ മികച്ച വിജയം അടിസ്ഥാനമാക്കി ഹോപ്പ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രദ്ധയും പരിരക്ഷയും ആവശ്യമായ 2000 ഓളം കുട്ടികളിലേക്ക് സംവിധാനം വ്യാപിപ്പിക്കും.

പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് അഡീഷനല്‍ എസ്പിമാരെ എല്ലാ പോലിസ് ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരായി നിയോഗിക്കും. എല്ലാ ജില്ലകളിലും പ്രത്യേകപരിശീലകരുടെ പട്ടിക തയ്യാറാക്കും. നിലവില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു സൗകര്യമൊരുക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്കു തൊഴില്‍പരമായ നിപുണതകള്‍ പകര്‍ന്നുനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഐജി പി വിജയന്‍ പറഞ്ഞു. കേരള പോലിസും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളും പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന നൂതനസംരംഭമാണ് ഹോപ്പ്.

പലവിധ മാനസികാരോഗ്യപ്രശ്‌നങ്ങളാലും സാമൂഹിക വെല്ലുവിളികള്‍ മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ 10ാം ക്ലാസ് പരീക്ഷയില്‍ തോല്‍ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ജീവിത നൈപുണ്യം പകര്‍ന്നുനല്‍കുന്നതിനും സ്വഭാവപ്രശ്‌നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തിവരുന്നു.

Next Story

RELATED STORIES

Share it