Kerala

സ്പ്രിങ്ഗ്ലര്‍ അഴിമതി: സമഗ്രാന്വേഷണം വേണം; സമിതിയെ നിയോഗിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍- എസ്ഡിപിഐ

കൊറോണ വ്യാപനം തുടങ്ങിയതു മുതല്‍ ഓരോ ദിവസവും ഒരുമണിക്കൂര്‍ നീളുന്ന വാര്‍ത്താസമ്മേളനം നടത്തിവന്ന മുഖ്യമന്ത്രി ഇത്രഗൗരവമുള്ള വിഷയം മറച്ചുവച്ചതുതന്നെ ഇതിന്റെ ദുരൂഹതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സ്പ്രിങ്ഗ്ലര്‍ അഴിമതി: സമഗ്രാന്വേഷണം വേണം; സമിതിയെ നിയോഗിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍- എസ്ഡിപിഐ
X

തിരുവനന്തപുരം: മലയാളിയുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന ക്രിമിനല്‍ ഇടപാടാണ് സ്പ്രിങ്ഗ്ലര്‍ എന്ന യുഎസ് കമ്പനിയുമായി കേരള സര്‍ക്കാര്‍ ഒപ്പിട്ടതെന്നും ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. സകലനടപടിക്രമങ്ങളും അട്ടിമറിച്ച് സര്‍ക്കാര്‍ നടത്തിയ സ്പ്രിങ്ഗ്ലര്‍ കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടുവിരമിച്ച ഉദ്യോഗസ്ഥന്മാരുടെ സമിതിയെ സര്‍ക്കാര്‍ തിടുക്കത്തില്‍ നിയോഗിച്ചത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. സമിതിയില്‍ അംഗങ്ങളായ രണ്ട് വിരമിച്ച ഉദ്യോഗസ്ഥന്മാരും ആധുനിക വിവരസാങ്കേതിക വിദ്യയിലെ വിദഗ്ധരല്ല. ഒരാള്‍ മുന്‍ വ്യോമയാന സെക്രട്ടറിയും മറ്റെയാള്‍ മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്നവരാണ്.

കൊറോണ വ്യാപനം തുടങ്ങിയതു മുതല്‍ ഓരോ ദിവസവും ഒരുമണിക്കൂര്‍ നീളുന്ന വാര്‍ത്താസമ്മേളനം നടത്തിവന്ന മുഖ്യമന്ത്രി ഇത്രഗൗരവമുള്ള വിഷയം മറച്ചുവച്ചതുതന്നെ ഇതിന്റെ ദുരൂഹതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കരാറിലെ വ്യവസ്ഥകള്‍, ഡാറ്റയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്. സര്‍ക്കാരിന് സാമ്പത്തികബാധ്യതയില്ലെന്നാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. അതുതന്നെയാണ് ആശങ്കവര്‍ധിപ്പിക്കുന്നതും. 1,29,021 പേരുടെ ദിനം പ്രതിയുള്ള ആരോഗ്യവിവരങ്ങളാണ് മാര്‍ച്ച് 27 മുതല്‍ ഈ അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചത്. ആരാണ് ഈ തീരുമാനമെടുത്തത്, മന്ത്രിസഭ ചേര്‍ന്നാണോ ഈ തീരുമാനമെടുത്തത്, ഈ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടോ, ഈ തീരുമാനം എന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ല.

സ്പ്രിങ്ഗ്ലര്‍ എന്ന കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തത്, ഈ കമ്പനി ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ/വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും വിഷയത്തില്‍ ആശങ്കയുമായി രംഗത്തെത്തിയിരിക്കുകയാണ്. മഹാമാരിയുടെ ഭയാനകമായ സാഹചര്യം മുതലെടുത്ത് പൗരന്‍മാരുടെ അടിസ്ഥാന വിവരങ്ങള്‍ പോലും വിദേശ കമ്പനികള്‍ക്ക് രഹസ്യമായി കൈമാറിയതുസംബന്ധിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി ഗുരുതരമായ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it