Kerala

സ്പ്രിംഗ്ലറുമായുള്ള സർക്കാരിൻ്റെ കരാർ രേഖ കൃത്രിമമാണെന്ന സംശയം ബലപ്പെടുന്നു

മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന കരാറുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന അടങ്ങിയ കരാർ തയ്യാറാക്കിയത് ഏപ്രിൽ 14ന് ആണെന്നതും ദുരൂഹത സൃഷ്ടിക്കുന്നതാണ്.

സ്പ്രിംഗ്ലറുമായുള്ള സർക്കാരിൻ്റെ കരാർ രേഖ കൃത്രിമമാണെന്ന സംശയം ബലപ്പെടുന്നു
X

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാർ രേഖ കൃത്രിമമാണോയെന്ന സംശയം ബലപ്പെടുന്നു. വിവര സുരക്ഷ ഉറപ്പാക്കുന്ന രേഖയിൽ കൃത്രിമം നടന്നുവെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.


സാധാരണ ഓർഡർ ഫോമിനോടൊപ്പമാണ് കരാറുമായി ബന്ധപ്പെട്ട നിബന്ധനകളും തയ്യാറാക്കുന്നത്. മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന കരാറുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന അടങ്ങിയ കരാർ തയ്യാറാക്കിയത് ഏപ്രിൽ 14ന് ആണെന്നതും ദുരൂഹത സൃഷ്ടിക്കുന്നതാണ്. വിവര സുരക്ഷ ഉറപ്പാക്കുന്ന കരാറിൽ അത് പ്രാബല്യത്തിൽ വരുന്ന തിയ്യതി മാർച്ച് 24 മുതലാണെന്നും വ്യക്തമാക്കുന്നുണ്ട്.


മാർച്ച് 25ന് പ്രാബല്യത്തിൽ വന്ന കരാർ ഏപ്രിൽ രണ്ടിനാണ് ഔദ്യോഗിക രൂപത്തിലായത്. ഏപ്രിൽ രണ്ടിന് വന്നിരിക്കുന്ന ഓർഡർ ഫോമിൽ പലകാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഫോമിൽ അമേരിക്കൻ കമ്പനിയുടെ പ്രതിനിധി ഏപ്രിൽ രണ്ടെന്ന് ഒപ്പിനോടൊപ്പം തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ഐടി സെക്രട്ടറി സംസ്ഥാന സർക്കാരിന് വേണ്ടി ഏപ്രിൽ രണ്ടിന് ഓർഡർ ഫോമിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. സർക്കാർ വെബ്സൈറ്റിൽ പരിശോധിക്കുമ്പോൾ ആ രേഖകൾ ഏപ്രിൽ രണ്ടിനാണ് തയ്യാറാക്കിയതെന്നും വ്യക്തമാണ്. എന്നാൽ അതിനൊപ്പമുള്ള വിവരസുരക്ഷാ ഉറപ്പാക്കൽ കരാറിലാണ് കൃത്രിമം സംശയിക്കുന്നത്.


ബന്ധപ്പെട്ട വിവരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പാക്കുന്നതാണ് ഈ കരാർ. ഇതിൽ മാർച്ച് 24 ആണ് പ്രാബല്യത്തിൽ വരുന്ന തിയ്യതിയെന്നും വ്യക്തമാക്കുന്നു. എന്നാൽ പ്രോപ്പർട്ടീസ് പരിശോധിക്കുമ്പോൾ ഈ രേഖകൾ ഉണ്ടാക്കിയത് ഏപ്രിൽ 14 നാണെന്ന് വ്യക്തമാകും. ഏപ്രിൽ 14ന് ഉച്ചയ്ക്കാണ് ഈ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് സർക്കാർ വെബ്സൈറ്റിന്റെ പ്രോപ്പർട്ടീസ് തന്നെ വ്യക്തമാക്കുന്നു.

എന്നാൽ ഏപ്രിൽ 2ന് അമേരിക്കൻ പ്രതിനിധി തീയതി സഹിതം കരാറിൽ ഒപ്പിട്ടപ്പോൾ കൃത്രിമം സംശയിക്കുന്ന രേഖയിൽ അമേരിക്കൻ പ്രതിനിധിയുടെ ഒപ്പിനൊപ്പം തീയതിയില്ല. ഇത് ഡിജിറ്റലായി രേഖപ്പെടുത്തിയതെന്നും സംശയിക്കുന്നു. എന്നാൽ സർക്കാരിന്റെ പ്രതിനിധിയുടെ ഒപ്പിൽ ഡിജിറ്റൽ സാമ്യം ഇല്ലാത്തതും സംശയത്തിന് കാരണമായിട്ടുണ്ട്. ഒപ്പ് കട്ട് ആന്റ് പേസ്റ്റ് ആണോയെന്നും സംശയിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയതെന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

Next Story

RELATED STORIES

Share it