Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് യുപിയിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്ര തിരിച്ചു

പ്രത്യേക തീവണ്ടിയില്‍ ജില്ലയില്‍ നിന്നുള്ള 1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് യാത്രയായത്

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് യുപിയിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്ര തിരിച്ചു
X

മലപ്പുറം: ബിഹാറിലേയും മധ്യപ്രദേശിലേയും അതിഥി തൊഴിലാളികള്‍ക്ക് പിന്നാലെ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാകാതെ ജില്ലയില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും പ്രത്യേക തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെ ലഖ്‌നൗവിലേക്ക് യാത്രയായത്.

തിരൂര്‍ താലൂക്കില്‍ നിന്ന് 303, പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 150, കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 301, തിരൂരങ്ങാടി താലൂക്കില്‍ നിന്ന് 408 പേരുമാണ് നാട്ടിലേക്ക് തിരിച്ചത്. പോലിസിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള തൊഴിലാളികളുടെ പട്ടിക പ്രകാരം ജില്ലാ ഭരണകൂടമാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്. വിവിധ ക്യാപുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ ഏഴ് മണിയ്ക്ക് മുമ്പായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസുകളിലാണ് അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിച്ചത്.

തിരൂര്‍ താലൂക്കില്‍ പുത്തനത്താണി ബസ് സ്റ്റാന്റ്, തിരൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ആരോഗ്യ പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മൗലാനാ ആശുപത്രിയ്ക്കു സമീപമുള്ള സെന്‍ട്രല്‍ ജിഎംഎല്‍പി സ്‌കൂളിലും കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു ആരോഗ്യ പരിശോധന. തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍, വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലും അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തി.

പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ആരോഗ്യ ജാഗ്രത ഉറപ്പാക്കി കെഎസ്ആര്‍ടിസി ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനായി 31 കെഎസ്ആര്‍ടിസി ബസുകളാണ് സജ്ജമാക്കിയിരുന്നത്. സ്‌റ്റേഷനിലെത്തിച്ച അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, കുടിവെള്ളം എന്നിവയും നല്‍കിയാണ് യാത്രയാക്കിയത്.

ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജു,ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം, തിരൂര്‍ തഹസില്‍ദാര്‍ ടി മുരളി, തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബു, തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ രാജഗോപാല്‍ എന്നിവര്‍ യാത്രയാക്കാന്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it