Kerala

സ്‌പെഷ്യല്‍ സര്‍വീസ്; സംസ്ഥാനത്ത് നിന്ന് അഞ്ച് ട്രെയിനുകള്‍, റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിലാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്.

സ്‌പെഷ്യല്‍ സര്‍വീസ്; സംസ്ഥാനത്ത് നിന്ന് അഞ്ച് ട്രെയിനുകള്‍, റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു
X

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തിലെ മൂന്നു റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങി. ദക്ഷിണറെയില്‍വേയുടെ കീഴിലെ അഞ്ച് സ്റ്റേഷനുകളിലാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിലാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്.

തുടക്കത്തില്‍ രണ്ടു കൗണ്ടറുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വേണം കൗണ്ടറുകള്‍ തുറക്കേണ്ടതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ് മാത്രമാണ് അനുവദിക്കുക. നേരത്തെ ബുക്ക് ചെയ്തു റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് കൗണ്ടറുകള്‍ വഴി ലഭ്യമാകില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

അതേസമയം, ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തിറക്കിയപ്പോള്‍ കേരളത്തില്‍ നിന്നും ഇടംപിടിച്ചത് അഞ്ച് ട്രെയിനുകള്‍. ട്രെയിനുകളുടെ ബുക്കിങ് ആരംഭിച്ചു. നേത്രാവതി, മംഗള, ജനശതാബ്ദി എന്നിവ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമായി അഞ്ച് പ്രത്യേക സര്‍വീസാണ് ആരംഭിക്കുന്നത്.

ടൈം ടേബിള്‍ അടിസ്ഥാനമാക്കി ദിനംപ്രതി 200 ട്രെയിന്‍ സര്‍വീസുകളാണ് ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് പുതുതായി ആരംഭിക്കുക. മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ്, കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു. ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തിച്ചേരണം. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

കേരളത്തില്‍ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വ്വീസ് നടത്തും. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എല്ലാ ദിവസവും ഉണ്ടാകും. എല്ലാ ട്രെയിനുകളും സ്‌പെഷ്യല്‍ ട്രെയിനുകളായി സ്ഥിരം റൂട്ടില്‍ തന്നെയാണ് ഓടുക. നോണ്‍ എസി കോച്ചുകളോടു കൂടെയായിരിക്കും തുരന്തോ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളാണ് കേരളത്തിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടുള്ളത്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൗകര്യം മാത്രമാണ് ഉണ്ടാവുകയെന്നും റെയില്‍വേ അറിയിച്ചു. നൂറ് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാംരംഭിക്കാനാണ് നിലവില്‍ റെയില്‍വേയുടെ തീരുമാനം. ജനറല്‍ കോച്ചുകളിലടക്കം റിസര്‍വേഷന്‍ ഉണ്ടാകും. ഓണ്‍ലൈന്‍ വഴി മാത്രമാണ് ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കുക. നോണ്‍ എസി ട്രെയിനുകളാവും ഇവ. ഇരു ദിശയിലേക്കുമായി 100 ജോഡി ട്രെയിനുകളാണ് സര്‍വീസ് നടത്തുക. സാധാരണ ഈ ട്രെയിനുകള്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും. ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായാണ് റെയില്‍വെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.

സമയക്രമം

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.55 നു പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1.15 ന് കോഴിക്കോട് എത്തിച്ചേരും. കോഴിക്കോടു നിന്നു തിരിച്ചുള്ള സര്‍വീസ് ഉച്ചകഴിഞ്ഞ് 1.45 ന് പുറപ്പെട്ട് രാത്രി 9.35 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. എല്ലാ ദിവസവും ഈ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി തിരുവനന്തപുരത്തു നിന്ന് ഉച്ചകഴിഞ്ഞ് 2.45 നു പുറപ്പെട്ട് അര്‍ധരാത്രി 12.20 നു കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് കണ്ണൂരില്‍ നിന്ന് രാവിലെ 4.50 നു പുറപ്പെട്ട് തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് 2.25 ന് എത്തിച്ചേരും. ചൊവ്വ, ശനി ദിവസങ്ങള്‍ ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസം ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തും. എസി, നോണ്‍ എസി ചെയര്‍കാറുകള്‍ ഉണ്ടാകും. യാത്രയ്ക്കു 30 ദിവസം മുമ്പ് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ഉള്ള ഇ ടിക്കറ്റ് മാത്രമേ ലഭ്യമാകുകയുള്ളു. റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ഏജന്റുമാര്‍ വഴിയോ ബുക്കിങ് ഉണ്ടായിരിക്കില്ല.

സ്‌റ്റോപ്പുകള്‍

തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട്- തിരുവനന്തപുരം സര്‍വീസുകളുടെ സ്റ്റോപ്പുകള്‍: വര്‍ക്കല- ശിവഗിരി, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍. തിരുവനന്തപുരം- കണ്ണൂര്‍, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍ സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി.

Next Story

RELATED STORIES

Share it