Kerala

കെപിസിസി എതിർത്തു; പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പിണറായി വിജയനെ ക്ഷണിച്ചില്ല

പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും ചില നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു എന്നാണ് സൂചന.

കെപിസിസി എതിർത്തു; പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പിണറായി വിജയനെ ക്ഷണിച്ചില്ല
X

തിരുവനന്തപുരം: ജിഎസ്ടി, ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പ് വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിലേക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാതിരുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം. പിണറായിയെ വിളിക്കുന്നതിലുള്ള വിയോജിപ്പ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻ്റിനെ അറിയിച്ചിരുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്.

നരേന്ദ്രമോഡിക്കും ബിജെപിയ്ക്കും എതിരേ പ്രതിപക്ഷ ഐക്യം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ നടന്ന യോഗത്തില്‍ പിണറായി വിജയനെയും ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് കേരള ഘടകത്തിന്റെ എതിർപ്പു കൂടി പരിഗണിച്ചാണ് പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ് വിവരം.

കൊവിഡ് കാലത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) യില്‍ വരുമാനനഷ്ടം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് യോഗത്തിന്റെ ആവശ്യം. പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ സംയുക്തമായി സര്‍ക്കാരില്‍ നിന്ന് 14 ശതമാനം ജി.എസ്.ടി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, മഹാരാഷ്ട്ര മു്ഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വവും ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു എന്നാണ് സൂചന. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷ അതിൽ അധ്യക്ഷത വഹിക്കുന്നത് ശരിയല്ലെന്ന എന്ന അഭിപ്രായം സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി. യോഗത്തിലെ രാഷ്ട്രീയവ്യത്യാസം ഒഴിവാക്കുന്നതിനായി ഏതെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വേണം യോഗം ചേരാമെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു നിർദേശം അംഗീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറായില്ല.

കേരള ധനമന്ത്രി തോമസ് ഐസക്ക് ജി.എസ്.ടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. കേരളത്തിൽനിന്നുള്ള എംപിമാരെയും ഈ യോഗത്തിലേക്ക് വിളിച്ചിരുന്നു. എന്നാൽ വയനാട്ടിൽനിന്നുള്ള എംപി രാഹുൽ ഗാന്ധി ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Next Story

RELATED STORIES

Share it