Kerala

സോളാറില്‍ നടക്കുന്നത് രാഷ്ട്രീയവേട്ടയാടല്‍: കെ സുധാകരന്‍

ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ സിപിഎം പത്തുകോടി വാഗ്ദാനം ചെയ്‌തെന്ന് ഇര ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു

സോളാറില്‍ നടക്കുന്നത് രാഷ്ട്രീയവേട്ടയാടല്‍: കെ സുധാകരന്‍
X

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവേട്ടയാടലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസ് സിബിഐയ്ക്ക് വിട്ടതും ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതും രാഷ്ട്രീയ പ്രേരിതമാണ്. പിണറായിയും മോദിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തവന്നതെന്നും സുധാകരന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ഉറഞ്ഞുതുള്ളുന്ന പിണറായി കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കരുനീക്കത്തില്‍ സിബിഐയോടൊപ്പമാണ്. സോളാര്‍ക്കേസ് സിബിഐയ്ക്ക് വിട്ടത് പൊതുജനമധ്യത്തില്‍ വികൃതമായ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണ്. സ്ത്രീപീഡന, സാമ്പത്തിക പരാതികളാണ് ഇര ഉന്നയിച്ചത്. എന്നാല്‍ ഇത്തരം ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നു. അത് സിപിഎം നേതാക്കളുടെ മേല്‍നോട്ടത്തിലാണ് നടന്നത്. ഒരുഘട്ടത്തില്‍ പരാതിക്കാരി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ സിപിഎം പത്തുകോടി വാഗ്ദാനം ചെയ്‌തെന്ന് ഇര ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് സോളാര്‍ക്കേസിന് സമാനരീതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുകയാണ്. പിണറായി വിജയന്റെ കാര്യത്തില്‍ ഇരട്ട നീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

മൂന്നു പോലിസ് സംഘങ്ങള്‍ സോളാര്‍ കേസ് പരിശോധിച്ചെങ്കിലും തെളിവ് കണ്ടെത്താനാകാതെ കേസ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. അതും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുമ്പോള്‍ കഴിഞ്ഞ ജനുവരി 24നാണ് കേസ് സിബിഐക്കു വിട്ടത്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ശിവരാജന്‍ കമ്മീഷന്‍, പരാതിക്കാരുടെ വ്യാജകത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപോര്‍ട്ട് ഹൈക്കോടതി നിരാകരിക്കുകയും കത്തും കത്തിലെ ആരോപണങ്ങള്‍ കോടതി നീക്കം ചെയ്യുകയും ചെയ്തതാണ്. ഈ കത്തിന്റെ അടിസ്ഥാനത്തിലുള്ള സിബിഐ അന്വേഷണത്തിന്റെ ഫലം എന്താണെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയ്ക്കല്‍ വരെ പോകേണ്ടതില്ലെന്നും സുധാകരന്‍ പരിഹസിച്ചു.


Next Story

RELATED STORIES

Share it