Kerala

ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്

ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്
X

മലപ്പുറം: ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍ അര്‍ഹനായതായി ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 50000രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ് . സാഹിത്യ ശാസ്ത്ര സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ രാധാകൃഷ്ണന്‍ കേരളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കും മത മൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്‌നേഹവും ഉയര്‍ത്തി പിടിക്കുന്നതില്‍ ഉറച്ച നിലപാട് കൈക്കൊള്ളുന്ന സാംസ്‌കാരിക നായകന്‍ എന്ന നിലക്കുമാണ് അവാര്‍ഡ് .ചന്ദ്രിക മുന്‍ പത്രാധിപര്‍ സി പി സൈതലവി , പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് രാധാകൃഷ്ണനെ തിരഞ്ഞെടുത്തത് .

മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെട്ട നോവലുകളില്‍ ഒന്നാണ് നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുന്‍പെ പറക്കുന്ന പക്ഷികള്‍ , മറ്റൊരു പ്രമുഖ കൃതിയാണ് തീക്കടല്‍ കടഞ് തിരുമധുരം .സ്പന്ദമാപിനികളെ നന്ദി , പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും , കരള്‍ പിളരും കാലം , എല്ലാം മായ്ക്കുന്ന കടല്‍ ,ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ , തുടങ്ങി നാല്പതിലധികം കൃതികള്‍ രചിച്ചു .ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അനേകം കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട് .അഗ്‌നി , പുഷ്യരാഗം , കനലാട്ടം , ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു .നിരവധി ശാസ്ത്ര പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത രാധാകൃഷ്ണന്‍ ശാസ്ത്ര മാസിക പത്രാധിപര്‍ ആയും മാധ്യമം പത്രാധിപര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

1962ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , 1989ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , 2016ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം , ഭാരതീയ ജ്ഞാന പീഠ പുരസ്‌കാര സമിതിയുടെ മൂര്‍ത്തീദേവി അവാര്‍ഡ് ,വയലാര്‍ അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് ,ലളിതാംബിക അവാര്‍ഡ് , മഹാകവി ജി അവാര്‍ഡ് , മാതൃഭൂമി സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് .2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ഠ അംഗത്വം നല്‍കി ആദരിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ അംഗം , മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം ,തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു .1939ഫെബ്രുവരി ഒന്നിന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണ് ജനനം . കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . നവംബറില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും . പത്ര സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ കെ സൈനുദ്ദീന്‍ , ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍ , വൈസ് ചെയര്‍മാന്‍ എ എം അബൂബക്കര്‍ , ജോയിന്റ് ഡയറക്ടര്‍ കെ ടി അമാനുള്ള സംബന്ധിച്ചു .













Next Story

RELATED STORIES

Share it