Kerala

കേരളത്തില്‍ 19 വരെ കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ 19 വരെ കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനല്‍ച്ചൂട് കടുക്കും. ഈ മാസം 19 വരെ ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

പാലക്കാട് ജില്ലയിലാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. വരും ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

തലസ്ഥാനമായ തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ഇടുക്കിയിലെയും വയനാട്ടിലെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ളത്.

കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും കര്‍ശന ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് പരമാവധി ഒഴിവാക്കണം. ചൂട് കൂടിയതോടെ നിര്‍ജലീകരണത്തിനും സൂര്യാഘാതത്തിനും സാധ്യത കൂടുതലാണ്. അതിനാല്‍ ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. പുറം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമം ഉറപ്പാക്കണം.




Next Story

RELATED STORIES

Share it