Kerala

സെക്കന്‍ഡറി- ഹയര്‍ സെക്കന്‍ഡറി ഏകോപനം: ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്ന് എന്‍എസ്എസ്

കുട്ടികളുടെ വളര്‍ച്ചയെയും മാനസികവികാസത്തെയും സംബന്ധിച്ച നിലവിലെ ധാരണകള്‍ പരിഗണിക്കാതെയാണ് ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ഘടനാപരിഷ്‌കരണ ശുപാര്‍ശകളെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

സെക്കന്‍ഡറി- ഹയര്‍ സെക്കന്‍ഡറി ഏകോപനം: ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്ന് എന്‍എസ്എസ്
X

കോട്ടയം: സെക്കന്‍ഡറി- ഹയര്‍ സെക്കന്‍ഡറി ഏകോപനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ ഇപ്പോള്‍ നല്ലരീതിയില്‍ പോവുന്ന പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വര്‍ഷങ്ങളുടെ പഠനത്തിലൂടെ വിജയകരമായി മുന്നേറുന്ന 10+2+3 വിദ്യാഭ്യാസഘടനയെ തികച്ചും അവധാനതയില്ലാതെ പൊളിച്ചെഴുതുന്നത് യുക്തിഭദ്രമല്ല.

വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കുന്നതിന് അവസരമൊരുക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖല പ്രത്യേകമായി പരിഗണിക്കേണ്ട വിഭാഗമാണ്. കുട്ടികളുടെ വളര്‍ച്ചയെയും മാനസികവികാസത്തെയും സംബന്ധിച്ച നിലവിലെ ധാരണകള്‍ പരിഗണിക്കാതെയാണ് ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ഘടനാപരിഷ്‌കരണ ശുപാര്‍ശകളെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഏകീകരണത്തിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി ലഘൂകരണം ദേശീയതല മല്‍സരപ്പരീക്ഷകളില്‍നിന്ന് വിദ്യാര്‍ഥികളെ പിന്തള്ളുമെന്ന ആശങ്ക പൊതുവിദ്യാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവും. പഞ്ചായത്ത് എജ്യുക്കേഷന്‍ ഓഫിസറുടെ നിയമനത്തിലൂടെ വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും അക്കാദമിക കാര്യങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനിയന്ത്രിതമായി ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

8 മുതല്‍ 12 വരെ ഒരു യൂനിറ്റായി പരിഗണിച്ച് തസ്തികനിര്‍ണയം നടത്തുമ്പോള്‍ ഭാവിയില്‍ പരോക്ഷമായി അധ്യാപക നിയമനനിരോധനമുണ്ടാവുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറപിടിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത്തരത്തിലൊരു റിപോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു പുനര്‍ചിന്തനം നടത്തണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it