Kerala

കലിയടങ്ങാതെ കടല്‍: കടല്‍ക്ഷോഭ ഭീഷണിയില്‍ കൊടുങ്ങല്ലൂരിന്റെ തീരദേശം

എറിയാട് പഞ്ചായത്തില്‍ ലൈറ്റ് ഹൗസ് കടപ്പുറത്ത് ഇരുന്നൂറ് മീറ്ററില്‍ അധികം ദൂരം തിരയടിച്ചു കയറിയിട്ടുണ്ട്.

കലിയടങ്ങാതെ കടല്‍: കടല്‍ക്ഷോഭ ഭീഷണിയില്‍ കൊടുങ്ങല്ലൂരിന്റെ തീരദേശം
X

കൊടുങ്ങല്ലൂര്‍: താലൂക്കിന്റെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം വീണ്ടും ശക്തമാകുന്നു. ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളില്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ വേക്കോട് പ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ശ്രീകൃഷ്ണ മുഖം ക്ഷേത്രപരിസരത്തും കടല്‍ അടിച്ചുകയറി നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ നിരവധി വീടുകളില്‍ മണല്‍ അടിച്ചു കയറി വാസയോഗ്യമല്ലാതായി.

ശ്രീനാരായണപുരം എംഇഎസ് സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിലേക്ക് ശ്രീകൃഷ്ണ കോളനിയിലെ ആറ് കുടുംബങ്ങളെ ശനിയാഴ്ച തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. പഞ്ചായത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഡിലെ അറപ്പത്തോട് ഭാഗത്തും ഇത്തരത്തില്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ പ്രക്ഷുബ്ധമായ കടല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും കരയിലേക്ക് ആഞ്ഞടിക്കുകയാണ്.

എറിയാട് പഞ്ചായത്തില്‍ ലൈറ്റ് ഹൗസ് കടപ്പുറത്ത് ഇരുന്നൂറ് മീറ്ററില്‍ അധികം ദൂരം തിരയടിച്ചു കയറിയിട്ടുണ്ട്. കടലോര റോഡ് കടന്നെത്തുന്ന തിരമാല ജനവാസകേന്ദ്രങ്ങളില്‍ വെള്ളക്കെട്ടും സൃഷ്ടിക്കുന്നു. നൂറോളം വീടുകളാണ് തകര്‍ച്ച ഭീഷണി നേരിടുന്നത്. പലരും ഞായറാഴ്ചയോടെ തന്നെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങളെ എ എം യു പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. പത്ത് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ശനിയാഴ്ച ഉച്ച മുതല്‍ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍ എറിയാട് ആറാട്ടുവഴി മമ്പഉല്‍ ഉലൂം പള്ളി പൂര്‍ണമായും തകര്‍ന്നു.

ലൈറ്റ് ഹൗസ്, ചേരമാന്‍, മണപ്പാട്ടുച്ചാല്‍, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് കാര പുതിയ റോഡ്, കാര വാക്കടപ്പുറം എന്നിവിടങ്ങളിലാണ് കടലേറ്റം എല്ലായ്‌പ്പോഴും ശക്തമായി അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭം ചെറുക്കാന്‍ നിര്‍മ്മിച്ച ജിയോ ബാഗ് തടയണകളുടെ മുകളിലൂടെ കടല്‍ അടച്ചു കയറുന്നതും ഭീഷണിയാണ്. ലൈറ്റ് ഹൗസ് കടപ്പുറത്തുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ നിരവധി പ്രദേശങ്ങള്‍ ആണ് വെള്ളത്തില്‍ ആവുക.

Next Story

RELATED STORIES

Share it