Top

എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തയ്യാറെടുത്ത് തലസ്ഥാനം

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിച്ച്‌ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ സമരാവേശമാണ് തലസ്ഥാന നഗരിയിൽ അലയടിക്കുന്നത്.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തയ്യാറെടുത്ത് തലസ്ഥാനം

തിരുവനന്തപുരം: ജനലക്ഷങ്ങളെ അണിനിരത്തി എസ്ഡിപിഐ സംഘടിപ്പിക്കുന്ന സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തലസ്ഥാന നഗരി തയ്യാറെടുത്തു കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി കേരളം രാജ്ഭവനിലേക്ക് എന്ന പ്രമേയത്തിലാണ് സിറ്റിസൺസ് മാർച്ച് നടത്തുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിച്ച്‌ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ സമരാവേശമാണ് തലസ്ഥാന നഗരിയിൽ അലയടിക്കുന്നത്.


സിറ്റിസൺസ് മാർച്ചിന്റെ പ്രചരണാർഥം മുപ്പതിലേറെ ജാഥകളാണ് തിരുവനന്തപുരം ജില്ലയിലുടനീളം നടന്നത്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികൾ പുരോഗമിക്കുകയാണ്. പുറമേ, ഗൃഹസന്ദർശനം, കുടുംബ സംഗമം, പോസ്റ്റർ പ്രചരണം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികളും നടന്നുകഴിഞ്ഞു. തലസ്ഥാന നഗരി ഇതുവരെ കണ്ടിട്ടില്ലാത്ത സമരപോരാട്ടത്തിനാവും രാജ്ഭവനിലേക്കുള്ള സിറ്റിസൺസ് മാർച്ച് സാക്ഷ്യം വഹിക്കുകയെന്ന് നേതാക്കൾ അവകാശപ്പെടുന്നു. തലസ്ഥാന ജില്ലയിൽ നിന്നും ഒരുലക്ഷം പേരെ മാർച്ചിൽ പങ്കാളികളാക്കുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.


എസ്ഡിപിഐ കാസർഗോഡ് നിന്നാരംഭിച്ച സിറ്റിസൺസ് മാർച്ച് വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ 13 ജില്ലകൾ പിന്നിട്ട് നാളെ തലസ്ഥാന നഗരിയിലെത്തും. ജനലക്ഷങ്ങളെ അണിനിരത്തി ഫെബ്രുവരി ഒന്നിന് വൈകീട്ട് മൂന്നിന് രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ച് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ മുഖ്യാതിഥിയാവും.


കേരള ജനതയിൽ സമരാവേശം വിതറി കൊണ്ട് മുന്നേറുന്ന മാർച്ച് അക്ഷരാർത്ഥത്തിൽ പൗരപ്രക്ഷോഭമായി മാറിക്കഴിഞ്ഞു. എല്ലായിടത്തും ആബാലവൃദ്ധം ജനങ്ങളുടെ നിറസാന്നിധ്യം മാർച്ചിനെ ശ്രദ്ധേയമാക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തം. പതിനായിരക്കണക്കിന് സഹോദരിമാരാണ് കൈകുഞ്ഞുങ്ങളെയുമേന്തി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചത്.


ഇന്നലെ പത്തനംതിട്ടയിൽ പര്യടനം പൂർത്തിയാക്കിയ മാർച്ച് ഇന്ന് കൊല്ലം ജില്ലയിലാണ്. ഫെബ്രുവരി ഒന്നിന് രാജ്ഭവനു മുന്നിലെത്തുമ്പോൾ വംശ വെറിക്കും വർഗ്ഗീയ വിഭജനത്തിനുമെതിരെ കേരളത്തിന്റെ ശക്തമായ പ്രതിഷേധമായി ഇത് മാറും.


ഫാഷിസം ഉയർത്തുന്ന വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിട്ട് പരാജയപ്പെടുത്താനുള്ള ആത്മവിശ്വാസം പകർന്നു നൽകുന്നതിൽ മാർച്ച് അതിനിർണായകമാകുമെന്ന് സംഘാടകർ പറയുന്നു. പിന്നാക്ക ജനതയെ മയക്കി കിടത്തി ആർഎസ്എസ്സിന് വളരാനുള്ള മണ്ണൊരുക്കി കൊടുത്ത സാമ്പ്രദായിക രാഷ്ട്രീയ മുന്നണികൾ സൃഷ്ടിക്കുന്ന ശൃംഖലകൾക്ക് രാജ്യത്തിപ്പോൾ രൂപപ്പെട്ട നവജാഗരണത്തെ തടഞ്ഞു നിർത്താനാവില്ല.


ഇത്തരക്കാർ മുമ്പ് അവതരിപ്പിച്ച മതിലുകളും ചങ്ങലകളും പിന്നാക്ക ജനതയുടെ സ്വയം ശാക്തീകരണത്തെ തടയാനായിരുന്നുവെന്ന ബോധ്യമാണ് എസ്ഡിപിഐ പ്രക്ഷോഭങ്ങളിലെ ബഹുജന സാന്നിദ്ധ്യം തെളിയിക്കുന്നത്. കാസർഗോഡ് നിന്ന് രാജ്ഭവനിലേക്ക് ഇത്രയും ജന പങ്കാളിത്തത്തോടെയുള്ള ഒരു മാർച്ച് കേരളത്തിലാദ്യമാണെന്നും നേതാക്കൾ പറയുന്നു.

Next Story

RELATED STORIES

Share it