Kerala

സമയക്രമീകരണം പിന്‍വലിച്ചു; റേഷന്‍ കടകള്‍ 27 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും

സമയക്രമീകരണം പിന്‍വലിച്ചു; റേഷന്‍ കടകള്‍ 27 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും
X

തിരുവനന്തപുരം: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു. ജനുവരി 27 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ട് മൂന്ന് മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്നു മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷന്‍ വിതരണത്തെ ഇത് ഒരുതരത്തിലും ബാധിച്ചില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാസം ഇന്നലെ (ജനുവരി 25) വരെ 50,62,323 പേര്‍(55.13 ശതമാനം) റേഷന്‍ കൈപ്പറ്റി. ഇന്നലെ മാത്രം വൈകീട്ട് 6.30 വരെ 4,46,440 പേര്‍ റേഷന്‍ വാങ്ങി. കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാര്‍ഡ് ഉടമകളാണു റേഷന്‍ കൈപ്പറ്റിയിരുന്നത്. റേഷന്‍ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ക്ക് നിലവില്‍ യാതൊരു തകരാറുകളുമില്ലെന്നും റേഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തില്‍ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ടിക്കാറാം മീണ, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു, ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, എന്‍ഐസി ഹൈദരാബാദിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it