Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പ്: പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്; നടന്നത് ഒരു കോടി 4ലക്ഷത്തിന്റെ തട്ടിപ്പെന്ന് ഓഡിറ്റ് റിപോര്‍ട്ട്

മുഖ്യപ്രതി നഗരസഭ ഓഫിസിലെ എല്‍ഡി ക്ലര്‍ക്ക് യു ആര്‍ രാഹുലിന്റെ സുഹൃത്തുക്കളുടെ 24 അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയതെന്ന് ഓഡിറ്റില്‍ കണ്ടെത്തി

പട്ടികജാതി ഫണ്ട് തട്ടിപ്പ്: പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്; നടന്നത് ഒരു കോടി 4ലക്ഷത്തിന്റെ തട്ടിപ്പെന്ന് ഓഡിറ്റ് റിപോര്‍ട്ട്
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപോര്‍ട്ട്. ഒരു കോടി നാല് ലക്ഷം രൂപയുടെ ക്രമക്കേടെന്ന് നടന്നെന്നാണ് ഓഡിറ്റ് റിപോര്‍ട്ട്. പട്ടിക ജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു പോലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രധാന പ്രതിയായ എല്‍ഡി ക്ലര്‍ക്ക് യു ആര്‍ രാഹുലിന്റെ സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമറ്റിയതെന്നാണ് ഓഡിറ്റില്‍ കണ്ടെത്തി.

നിര്‍ദ്ധനരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് തട്ടിയെടുത്തത്. നഗരസഭ വഴിയാണ് വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്കാണ് അപേക്ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. പട്ടിക ജാതി വകുപ്പില്‍ നിന്നും നഗരസഭയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ എ.ഡി ക്ലര്‍ക്ക് രാഹുലും എസ്‌സി പ്രമോട്ടര്‍മാരും ചേര്‍ന്നാണ് പണം തട്ടിയത്. അപേക്ഷരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളെയുമാണ്. ഇങ്ങനെ വിവിധ പദ്ധതികള്‍ വഴി അര്‍ഹരുടെ കൈകളിലേക്കെത്തേണ്ട ഒരു കോടി നാല് ലക്ഷത്തി 72.600 രൂപയാണ് പ്രതികള്‍ വകമാറ്റിയത്. 24 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്.

അര്‍ഹരുടെ അക്കൗണ്ടിലേക്കാണെങ്കില്‍ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാല്‍ നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയില്‍പ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തുവെന്നാണ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി രാഹുല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അര്‍ഹതയിലുള്ള ചില അപേക്ഷകരെ പല കാരണങ്ങള്‍ പറഞ്ഞ് രാഹുല്‍ മടക്കി അയച്ച ശേഷം അവരുടെ പേരില്‍ പണം ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയാന്‍ അപേക്ഷകരുയെല്ലാം മൊഴിയെടുക്കേണ്ടിവരുമെന്ന് പോലിസ് പറയുന്നു. 2016-2020 നവംബര്‍ മാസം വരെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കിയവരെ കുറിച്ച് പോലിസ് ശേഖരിച്ചിട്ടുണ്ട്. ട്രഷറിയില്‍ നിന്നുള്ള പണമിടപാടിന്റെ രേഖകളും പരിശോധിക്കുന്നുണ്ട്. ഓരോ അപേക്ഷയും പരിശോധിച്ചാലേ 24 അക്കൗണ്ടിന് പുറമേ മറ്റേതെങ്കിലും അക്കൗണ്ടുകളിുലേക്ക് പണം വകമാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാവുകയുളളൂ.

Next Story

RELATED STORIES

Share it