Kerala

ആര്‍എസ്എസ് അതിപ്രസരം: പാരമ്പര്യവരിക്കാരും 'മാതൃഭൂമി' കൈയൊഴിയുന്നു

'മാതൃഭൂമി'യുടെ ഹിന്ദുത്വനിലപാടുകളെ തുടര്‍ന്ന് പ്രചാരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനു പിന്നാലെയാണ് പരമ്പരാഗത വരിക്കാരുടെയും വായനക്കാരുടെയും ഭാഗത്തുനിന്നുള്ള പുതിയ തിരിച്ചടി. പ്രമുഖ എഴുത്തുകാരന്‍ എന്‍ ശശിധരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എം ആര്‍ അനില്‍കുമാര്‍, കെ അജിത, കവി അന്‍വര്‍ അലി, ഡോ.ഇ പി മോഹനന്‍, അഡ്വ.എം വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 'മാതൃഭൂമി' ഉപേക്ഷിച്ചു.

ആര്‍എസ്എസ് അതിപ്രസരം: പാരമ്പര്യവരിക്കാരും മാതൃഭൂമി കൈയൊഴിയുന്നു
X

പി സി അബ്ദുല്ല

കോഴിക്കോട്: എം പി വീരേന്ദകുമാറിന്റെ വിയോഗത്തോടെ മാതൃഭൂമി ദിനപ്പത്രവും അനുബന്ധ മാധ്യമസംരംഭങ്ങളും സമ്പൂര്‍ണമായി ആര്‍എസ്എസ് വത്കരിക്കപ്പെടുന്നതായി ആക്ഷേപം ശക്തം. ദേശീയ പ്രസ്ഥാന പാരമ്പര്യമുള്ള 'മാതൃഭൂമി'യുടെ പരിധിവിട്ട സംഘപരിവാരപ്രീണനത്തില്‍ പ്രതിഷേധിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരടക്കം പത്രം കൈയൊഴിയുകയാണ്. പതിറ്റാണ്ടുകളായി 'മാതൃഭൂമി'യെ നെഞ്ചേറ്റിയ സാമൂഹിക, സാംസ്‌കാരിക നായകരും പ്രമുഖ വ്യക്തിത്വങ്ങളും പത്രത്തിന്റെ ഹിന്ദുത്വപ്രീണനത്തില്‍ പരസ്യമായി പ്രതിഷേധമറിയിച്ചാണ് ബഹിഷ്‌കരണവുമായി രംഗത്തുവരുന്നത്.

'മാതൃഭൂമി'യുടെ ഹിന്ദുത്വനിലപാടുകളെ തുടര്‍ന്ന് പ്രചാരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനു പിന്നാലെയാണ് പരമ്പരാഗത വരിക്കാരുടെയും വായനക്കാരുടെയും ഭാഗത്തുനിന്നുള്ള പുതിയ തിരിച്ചടി. പ്രമുഖ എഴുത്തുകാരന്‍ എന്‍ ശശിധരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എം ആര്‍ അനില്‍കുമാര്‍, കെ അജിത, കവി അന്‍വര്‍ അലി, ഡോ.ഇ പി മോഹനന്‍, അഡ്വ.എം വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 'മാതൃഭൂമി' ഉപേക്ഷിച്ചു. സംഘപരിവാറിന് വേണ്ടി വിഷം തുപ്പുന്ന മാതൃഭൂമി മേലില്‍ വീട്ടില്‍ കയറ്റില്ലെന്ന് അറിയിച്ചുകൊണ്ടാണ് കെ അജിത പത്രം നിര്‍ത്തിയത്. മാതൃഭൂമി പത്രാധിപര്‍ക്ക് അജിത എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാണ്.

കെ അജിത, കവി അന്‍വര്‍ അലി, എം ആര്‍ അനില്‍കുമാര്‍

''കുട്ടിക്കാലം മുതല്‍ വായിച്ചും വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരുഭാഗമാണ് മാതൃഭൂമി ദിനപത്രം. പല സമരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. എന്നാലും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം പൂര്‍ണമായും ഞാന്‍ വിച്ഛേദിച്ചിരുന്നില്ല. എന്റെ ജീവിത പങ്കാളി ടി പി യാക്കൂബ് എത്രതവണയാണ് മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്വുള്ള വാര്‍ത്തകള്‍ വായിച്ച് ഈ പത്രം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ അന്നും എനിക്ക് അത് തോന്നിയിട്ടില്ലായിരുന്നു.


ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്രമോദിയാണ്. എങ്കില്‍ സവര്‍ക്കറും ഗോഡ്സേയും ആ പത്രത്തിന് ഇനി മുതല്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം. ഹാ കഷ്ടം! ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ ജനിച്ച പത്രവും അതിന്റെ ചുക്കാന്‍ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ ജീര്‍ണത എത്ര ആഴമേറിയതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതിനേക്കാള്‍ നല്ലത് ജന്‍മഭൂമി വായിക്കുകയും ജനം ടിവി കാണുകയുമല്ലേ'' എന്നിങ്ങനെയാണ് അജിതയുടെ കുറിപ്പ്.

കഴിഞ്ഞദിവസം നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട മാതൃഭൂമിയുടെ വാഴ്ത്തലുകള്‍ കൂടിയാണ് സാംസ്‌കാരിക നായകരെ പത്രം നിര്‍ത്താനുള്ള കടുത്ത തീരുമാനത്തിലെത്തിച്ചത്. മാതൃഭൂമിയുടെ ന്യൂനപക്ഷ, ദലിത് വിരുദ്ധ സമീപനങ്ങളിലും ഹിന്ദുത്വനിലപാടുകളിലും പ്രതിഷേധമറിയിച്ച് ജെ ദേവികയടക്കമുള്ള പ്രമുഖര്‍ നേരത്തെ പത്രം ഉപേക്ഷിച്ചിരുന്നു. 'മാതൃഭൂമി'യിലും അനുബന്ധസ്ഥാപനങ്ങളിലും ആര്‍എസ്എസ് പിടിമുറുക്കുമ്പോഴും ചില പാരമ്പര്യമൂല്യങ്ങള്‍ പത്രവും ആഴ്ചപ്പതിപ്പുമൊക്കെ കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍, സമ്പൂര്‍ണമായി ഹിന്ദുത്വവത്കരിക്കപ്പെടുന്നതാണ് സമീപകാല കാഴ്ച.


ആര്‍എസ്എസ് വിമര്‍ശകനായ കമല്‍റാം സജീവിനെ നീക്കാന്‍ മാതൃഭൂമി ചുമതലയില്‍നിന്ന് മാറ്റിയത് വിവാദമായിരുന്നു. എസ് ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് 'മാതൃഭൂമി' പൂര്‍ണമായും ഹിന്ദുത്വര്‍ക്ക് വിധേയപ്പെട്ടത്. മൂന്നുലക്കം പ്രസിദ്ധീകരിച്ച നോവലാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് 'മാതൃഭൂമി'പിന്‍വലിച്ചത്. അഞ്ചുവര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരേ പോരാടാനുള്ള കരുത്തില്ലെന്നും എസ് ഹരീഷ് പ്രതികരിച്ചിരുന്നു.

ഹിന്ദു എക്കണോമിക് ഫോറം പ്രധാനിയും സംഘപരിവാര സ്വാധീനത്തിലുള്ള സ്വര്‍ണവ്യാപാര സംഘടനയുടെ കേരള ചാപ്റ്റര്‍ ചെയര്‍മാനുമായ പ്രമുഖ ജ്വല്ലറി ഉടമ 'മീശ' വിവാദത്തെ തുടര്‍ന്ന് 'മാതൃഭൂമി'ക്ക് പരസ്യം നിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ തടയാനും ശ്രമമുണ്ടായി. ഇതെത്തുടര്‍ന്നാണ് സംഘപരിവാറിനെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടിലേക്ക് മാതൃഭൂമി പത്രവും ചാനലും വഴിമറിയത്. അതോടെ പൊതു സ്വീകാര്യത കുറയുകയും പത്രത്തിന്റെ പ്രചാരം ഗണ്യമായി ഇടിയുകയും ചെയ്തു. 2019-20ലെ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ കണക്കു പ്രകാരം പന്ത്രണ്ടാം സ്ഥാനത്താണ് മാതൃഭൂമി. ഭാഷാ പത്രങ്ങളുടെ ഈ പട്ടികയില്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ നേര്‍പകുതിയാണ് മാതൃഭൂമിയുടെ പ്രചാരം.


'മാതൃഭൂമി 'ചാനലിന്റെ റേറ്റിങ്ങും ഗണ്യമായി ഇടിഞ്ഞതായാണു കണക്കുകള്‍. കശ്മീരില്‍ ഹിന്ദുത്വര്‍ കെട്ടിയിട്ട് ദിവസങ്ങളോളം ബലാല്‍സംഗം ചെയ്ത് കത്‌വ ബാലികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതൃഭൂമിയുടെ സമീപനം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. 2018 ഏപ്രില്‍ 16 തിങ്കളാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിനെപ്പറ്റി ഏപ്രില്‍ 18 ബുധനാഴ്ച മാതൃഭൂമി ഒന്നാം പേജില്‍ പ്രധാനവാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിക സംഘടനകളാണ് വാട്‌സ് ആപ്പ് ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെന്ന നിഗമനത്തില്‍ 'വാട്‌സപ്പ് ഹര്‍ത്താല്‍- ലക്ഷ്യമിട്ടത് വര്‍ഗീയകലാപം' എന്നായിരുന്നു തലക്കെട്ട്.

'തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കിയെന്നാണ് പോലിസിന്റെ വിലയിരുത്തലെന്നും കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് ആസൂത്രണം നടന്നതെന്നുമായിരുന്നു വാര്‍ത്ത. സംസ്ഥാന വ്യാപകമായി ഇത്തരമൊരു പ്രവണതയുണ്ടാവുന്നത് അപകടകരമാണെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, രണ്ടുദിവസത്തിനകം വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് കേരളാ പോലിസ് കണ്ടെത്തി, മുഖ്യസൂത്രധാരരായ അഞ്ച് ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. എന്നാല്‍, പ്രതികളായ ഹിന്ദുത്വരെ സാന്ത്വനിപ്പിക്കുന്നതായിരുന്നു മാതൃഭൂമി വാര്‍ത്ത. 'പറ്റിപ്പോയി - അച്ഛന് മുത്തം നല്‍കി അഖില്‍ ജയിലേക്ക്' എന്നായിരുന്നു തലക്കെട്ട്. പ്രവാചക നിന്ദയടക്കമുള്ള സംഭവങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും സമുദായത്തിന് തൃപ്തികരമായ വിശദീകരണം പോലും നല്‍കാന്‍ 'മാതൃഭൂമി ' ഇനിയും തയ്യാറായിട്ടില്ല. അതേസമയം, ആര്‍എസ്എസ് സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ നാള്‍ക്കുനാള്‍ ഹിന്ദുത്വ ജിഹ്വയായി മാതൃഭൂമി മാറുന്നതാണ് കാഴ്ചകള്‍.

Next Story

RELATED STORIES

Share it